പത്തനംതിട്ട: ശബരിമലയിലെ വരുമാനത്തിൽ ഉണ്ടായ വൻ ഇടിവ് ദേവസ്വം ബോർഡിന് കനത്ത പ്രതിസന്ധി സൃഷ്ടിക്കുന്നു. മണ്ഡലകാലത്ത് ഡിസംബർ 24 വരെ ശബരിമലയിൽ 156.60 കോടി രൂപയായിരുന്നു വരുമാനമായി ലഭിച്ചത്. എന്നാൽ ഈ വർഷം അത് 9,09,14,893 രൂപയായി ചുരുങ്ങി. ഇതാണ് ദേവസ്വം ബോർഡിന് വൻ തിരിച്ചടിയായിരിക്കുന്നത്.
ദൈനം ദിന പ്രവർത്തനങ്ങൾക്കായി മാത്രം ശബരിമലയിൽ ദേവസ്വം ബോർഡിന് പ്രതിദിനം വേണ്ടത് 50 ലക്ഷത്തോളം രൂപയാണ്. എന്നാൽ 19 ദിവസത്തെ നടത്തിപ്പിനുള്ള വരുമാനം മാത്രമാണ് ഈ വർഷം ഇതുവരെ ലഭിച്ചത്.
അതേസമയം തീർത്ഥാടന കാലയളവിൽ ഇതുവരെ 390 പേർക്കാണ് കൊവിഡ് ബാധിച്ചത്. ഇതിൽ 289 പേർ വിവിധ വകുപ്പുകളിലെ ജീവനക്കാരാണ്.കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് മണ്ഡലകാലത്ത് ഇതുവരെ ദർശനം നടത്തിയത് 71,706 പേർ മാത്രമാണ്. സുപ്രീം കോടതി വിധി വരുന്നത് വരെ ഹൈക്കോടതി വിധി പ്രകാരം 5000 പേർക്ക് ദർശനം നൽകുമെന്ന് ദേവസ്വം ബോർഡ് അറിയിച്ചുവെങ്കിലും അതൊന്നും പ്രതിസന്ധിക്ക് പരിഹാരമാകില്ലെന്നാണ് വിലയിരുത്തൽ.
Discussion about this post