തിരുവനന്തപുരം: വിവാദത്തിൽ പെട്ട ഐ എ എസ് ഉദ്യോഗസ്ഥരായ കേരളാ കേഡര്‍ ഐ എ എസ് ഉദ്യോഗസ്ഥരായ ശ്രീറാം വെങ്കിട്ടരാമന്, ആസിഫ് കെ യൂസഫ് എന്നിവരെ തെരഞ്ഞെടുപ്പ് ചുമതലയില്‍ നിന്നും ഒഴിവാക്കി തിരിച്ചയച്ചു. തമിഴ്നാട്ടില്‍ തിരഞ്ഞെടുപ്പ് നിരീക്ഷകരായി നിയോഗിച്ച ഇരുവരെയും പരാതിയെത്തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന് തിരിച്ചയച്ചത്.
ക്രിമിനല്‍ കേസില്‍ പ്രതികളായ ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് ചുമതലക്ക് നിയോഗിക്കാന്‍ പാടില്ലെന്ന നിയമം മറികടന്നായിരുന്നു ഇരുവര്‍ക്കും ചുമതല നല്‍കിയത്. ഇതിനെ തുടര്‍ന്നായിരുന്നു പരാതി ഉയര്‍ന്നത്. മാധ്യമ പ്രവര്‍ത്തകനായിരുന്ന കെ.എം ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമന്. സിവില്‍ സര്‍വ്വീസ് ലഭിക്കാനായി വ്യാജ വരുമാന സര്‍ട്ടിഫീക്കറ്റ് ഹാജരാക്കിയെന്ന കേസില്‍ അന്വേഷണം നേരിടുന്നയാളാണ് ആസിഫ്.
കെ.എം.ബഷീര്‍ ജോലി ചെയ്തിരുന്ന സിറാജ് ദിനപത്രം മാനേജ്മെന്റ് ശ്രീറാം വെങ്കിട്ടരാമനെതിരേ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയതോടെയാണ് അദ്ദേഹത്തെ കമ്മീഷൻ തിരിച്ചുവിളിച്ചത്. തമിഴ്നാട്ടിലെ തിരുവൈക നഗര്‍, എഗ്മോര്‍ നിയമസഭ മണ്ഡലങ്ങളിലാണ് ശ്രീറാമിന് നിരീക്ഷണച്ചുമതല നല്‍കിയിരുന്നത്. ഇരുവര്‍ക്കും പകരമായി ജാഫര്‍ മാലിക്കിനെയും ഷര്‍മിള മേരി ജോസഫിനെയും നിയമിച്ചു.
Discussion about this post