ഡല്‍ഹി: വിദ്യാഭ്യാസ മന്ത്രിയായിരുന്ന കെ.ടി ജലീലിന്റെ രാജിയ്ക്ക് കാരണമായ ബന്ധുനിയമനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കുണ്ടെന്നും അദ്ദേഹത്തിന്റെ പങ്ക് വ്യക്തമാക്കാന്‍ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് വ്യക്തമാക്കി. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
”ബന്ധുനിയമനത്തില്‍ കെ.ടി ജലിലിന് മാത്രമല്ല മുഖ്യമന്ത്രിയ്ക്കും ഉത്തരവാദിത്വമുണ്ടെന്ന് വ്യക്തമായതിന് ശേഷം ധാര്‍മ്മിക ഉത്തരവാദിത്വത്തിന്റെ പേരില്‍ ജലീല്‍ രാജിവെച്ചിട്ടും മുഖ്യമന്ത്രി എന്തുകൊണ്ട് രാജിവയ്ക്കുന്നില്ല. നിയമവേദികളില്‍ മുഖ്യമന്ത്രി മറുപടി പറയേണ്ടി വരും. ആരോപണങ്ങളില്‍ മുഖ്യമന്ത്രി ഇതുവരെ മറുപടി പറഞ്ഞില്ല, മൗനം തുടരുകയാണ്” മുരളീധരന് പറഞ്ഞു.
”ജലീലിനോട് മുഖ്യമന്ത്രിയ്ക്കുണ്ടായിരുന്ന പ്രത്യേക വാത്സല്യത്തെക്കുറിച്ചും സ്നേഹത്തെക്കുറിച്ചുമൊക്കെ ജലീല്‍ വ്യക്തമാക്കിയിരുന്നു. തന്റെ മന്ത്രിസഭയിലെ ഒരു മന്ത്രി രാജിവയ്ക്കേണ്ടിവന്ന സാഹചര്യം എന്താണ് എന്നതിനെപ്പറ്റി മുഖ്യമന്ത്രി എന്തുകൊണ്ട് മൗനം പാലിക്കുന്നു. ജലീല്‍ കുറ്റവാളിയാണെന്ന് പറഞ്ഞാല്‍ മുഖ്യമന്ത്രി കൂടി കുടുങ്ങും അതുകൊണ്ടല്ലേ അങ്ങനെയൊരു നിലപാട് എടുത്തത്. എന്തുകൊണ്ടാണ് ജലീലിനെതിരായ ആരോപണം വിജിലന്‍സ് അന്വേഷിക്കേണ്ട എന്ന നിലപാട് എടുത്തു. എന്നാല്‍ സമാന ആരോപണം വന്നപ്പോള്‍ ജയരാജന് എതിരെ വിജിലന്‍സ് അന്വേഷണം നടന്നു. ഇത് മുഖ്യമന്ത്രിയുടെ പങ്ക് വെളിപ്പെടാതിരിക്കാനാണ് ” അദ്ദേഹം ആരോപിച്ചു.
Discussion about this post