ഡൽഹി: കൊവിഡ് ബാധിച്ചു മരിച്ച ആരോഗ്യ പ്രവർത്തകരുടെ കുടുംബങ്ങൾക്ക് സഹായ ഹസ്തവുമായി കേന്ദ്ര സർക്കാർ. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ കേരളത്തില്‍ മരണമടഞ്ഞ രണ്ട് ആരോഗ്യ പ്രവര്‍ത്തകരുടെ കുടുംബങ്ങൾക്ക് 50 ലക്ഷം രൂപയുടെ വീതം ഇന്‍ഷുറന്‍സ് ക്ലെയിം നൽകി.
എറണാകുളം ലിറ്റില്‍ ഫ്ലവർ ആശുപത്രിയിലെ അനസ്തെറ്റിസ്റ്റ് ഡോ. ടി.വി. ജോയ്, കോട്ടയം മെഡിക്കല്‍ കോളേജിലെ ബ്ലഡ് ബാങ്ക് ടെക്നീഷ്യന് ജി. സോമരാജന് എന്നിവരുടെ കുടുംബങ്ങൾക്കാണ് ഇൻഷുറൻസ് തുക അനുവദിച്ചത്. പ്രധാനമന്ത്രി ഗരീബ് കല്ല്യാണ്‍ പാക്കേജില്‍ നിന്നാണ് തുക അനുവദിച്ചിരിക്കുന്നത്.
മുപ്പത് വർഷമായി ആതുര സേവന രംഗത്തുണ്ടായിരുന്ന വ്യക്തിത്വമായിരുന്നു ഡോ. ടിവി. ജോയ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കീഴില്‍ ലിറ്റില്‍ ഫ്ലവർ ആശുപത്രിയിൽ ക്രിട്ടിക്കല്‍ കെയര്‍ ടീമില്‍ പ്രധാന പങ്ക് വഹിച്ചു വരികയായിരുന്നു. രോഗികളുടെ വെന്റിലേറ്റര്‍ പരിചരണത്തിലും സേവനമനുഷ്ഠിച്ചിരുന്നു.
ഇരുപത്തിരണ്ട് വർഷത്തെ അനുഭവ സമ്പത്തുള്ള ആരോഗ്യ പ്രവർത്തകനായിരുന്നു ജി. സോമരാജന്. കോവിഡ് രോഗികളുടെ പരിചരണത്തിന്റെ ഭാഗമായുള്ള രക്ത പരിശോധന ഉൾപ്പെടെ അതീവ ജാഗ്രത ആവശ്യമുള്ള മേഖലയിലായിരുന്നു അദ്ദേഹം പ്രവർത്തിച്ചിരുന്നത്. കോട്ടയം മെഡിക്കല്‍ കോളേജിലെ ഹെഡ് നഴ്സായ ഡെയ്സമ്മയാണ് ഭാര്യ. ഡെയ്സമ്മ ഇപ്പോഴും കൊവിഡ് പ്രതിരോധ രംഗത്ത് പ്രവർത്തിച്ചു വരികയാണ്.
Discussion about this post