ഡൽഹി: കൊവിഡ് ബാധിതരിലും കൊവിഡ് ഭേദമായവരിലും കണ്ടു വരുന്ന ബ്ലാക് ഫംഗസ് ബാധ മാരകമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. മതിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ ഇത് മരണകാരണമായേക്കാമെന്ന് മുന്നറിയിപ്പിൽ പറയുന്നു. രോഗനിർണയം, ലക്ഷണങ്ങൾ, ചികിത്സ എന്നിവയുൾപ്പെടുന്ന മാർഗനിർദേശങ്ങൾ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും കേന്ദ്ര ആരോഗ്യമന്ത്രാലയവും ചേർന്നാണ് പുറത്തിറക്കിയിരിക്കുന്നത്.
കൊറോണ ബാധിതരായ പ്രമേഹരോഗികളിലും ഏറെനാൾ ഐ.സി.യു. വാസം അനുഭവിച്ചവരിലുമാണ് ഫംഗസ് ബാധ കണ്ടുവരുന്നത്. കോവിഡ് ചികിത്സയ്ക്കുപയോഗിക്കുന്ന മരുന്നുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും. ഇത് പ്രതിരോധശേഷിയെ ബാധിക്കും. അതാണ് കോവിഡ് രോഗികളിൽ ഫംഗസ് ബാധ പിടിപെടാനുള്ള കാരണം.
കണ്ണിനും മൂക്കിനും ചുറ്റിലും ചുവപ്പ്, പനി, തലവേദന, ചുമ, ശ്വാസതടസ്സം, രക്തം ഛർദിക്കൽ, മാനസിക അസ്ഥിരത എന്നിവയാണ് ബ്ലാക് ഫംഗസ് ബാധയുടെ ലക്ഷണങ്ങൾ. എന്നാൽ പ്രമേഹരോഗികളായ കോവിഡ് ബാധിതരിൽ സൈനസൈറ്റിസ്, മുഖത്തിന്റെ ഒരുഭാഗത്ത് മരവിപ്പും വേദനയും പല്ലുവേദന, മൂക്കിന്റെ പാലത്തിൽ കറുപ്പ്, ഇരട്ടക്കാഴ്ച, നെഞ്ചുവേദന, ചർമത്തിൽ ക്ഷതം, രക്തം കട്ടപ്പിടിക്കൽ തുടങ്ങിയവയാണ് ഫംഗസ് ബാധയുടെ ലക്ഷണങ്ങൾ.
കോവിഡ് മുക്തമായവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുക, സ്റ്റിറോയ്ഡുകൾ കൃത്യമായ അളവിൽ കൃത്യമായ സമയത്ത് മാത്രം നൽകുക, ഓക്സിജൻ തെറാപ്പിയിൽ ശുദ്ധീകരിച്ച വെള്ളംമാത്രം ഉപയോഗിക്കുക, ആന്റിബയോട്ടിക്സും ആന്റി ഫംഗൽ മരുന്നുകളും സൂക്ഷ്മതയോടെ ഉപയോഗിക്കുക തുടങ്ങിയവയാണ് രോഗം തടയാനായി കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്നോട്ട് വെക്കുന്ന നിർദേശങ്ങൾ. പ്രമേഹം നിയന്ത്രിച്ചും പ്രതിരോധശേഷിയെ ബാധിക്കുന്ന മരുന്നുകളും സ്റ്റിറോയ്ഡുകളും കുറച്ചും ഫംഗസ് ബാധ തടയാമെന്നും കേന്ദ്രം അറിയിക്കുന്നു.
കൊവിഡ് രണ്ടാം തരംഗ വ്യാപനത്തിനിടെ ബ്ലാക് ഫംഗസ് ബാധിച്ച് മഹാരാഷ്ട്രയിൽ 8 പേർ മരിച്ചിരുന്നു. നേരത്തെ തന്നെ നിലവിലുള്ള രോഗബാധയാണ് ബ്ലാക് ഫംഗസ്. കൊവിഡാനന്തര രോഗങ്ങളുടെ കൂട്ടത്തിൽ മാരകമായേക്കവുന്ന അവസ്ഥയാണ് ഇത്. ഇതിന്റെ ചികിത്സയും വളരെ ചിലവേറിയതാണ്. പ്രതിദിനം 9,000 രൂപ ചിലവ് വരുന്ന ഇൻജക്ഷനും മറ്റ് ചികിത്സാ മാർഗങ്ങളും ചുരുങ്ങിയത് 21 ദിവസത്തേക്ക് വേണ്ടി വരും.
മഹാരാഷ്ട്ര സ്വദേശിയായ ഒരു വ്യക്തിക്ക് ഈ രോഗബാധയെ തുടർന്ന് ഒരു കണ്ണ് പൂർണ്ണമായും എടുത്ത് മാറ്റേണ്ടി വന്നു. 29കാരനായ ഒരു രോഗിക്ക് ഇരു കണ്ണുകളും നഷ്ടമായി. ഇത്തരം രോഗബാധകളെ കൊവിഡിനെ പോലെ തന്നെ ഭയക്കണമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
Discussion about this post