ഡൽഹി: കൊറോണ വൈറസ് ലോകത്തിനു മുഴുവൻ വെല്ലുവിളി ഉയർത്തുന്ന അടിക്കടി മാറ്റം വരുന്ന, അദൃശ്യമായ ശത്രുവാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി . കോവിഡിൽ പെട്ട് വേദനിക്കുന്നവരോടും ബുദ്ധിമുട്ട് അനുഭവിക്കുന്നവരോടുമുള്ള തന്റെ അനുകമ്പയും അദ്ദേഹം അറിയിച്ചു. ‘നമ്മുടെ അടുപ്പക്കാർ കോവിഡ് മൂലം പോയി. നിങ്ങളുടെ വിഷമം അതുപോലെതന്നെ ഞാനും അനുഭവിക്കുന്നു. പ്രധാന് സേവക് എന്ന നിലയില്‍ നിങ്ങളുടെ വികാരങ്ങള്‍ ഞാനും പങ്കിടുന്നു.’ – കർഷകർക്കുവേണ്ടിയുള്ള ഒരു പരിപാടിയെ ഓൺലൈൻ ആയി അഭിസംബോധന ചെയ്തു സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
‘നൂറു വർഷത്തെ ഏറ്റവും മോശമായ മഹാമാരിയാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. ഓരോ ചുവടുവയ്പ്പിലും ലോകത്തെ അതു പരീക്ഷിക്കുകയാണ്. നമ്മുടെ മുന്നിലുള്ള അദൃശ്യ ശത്രുവാണ് ഈ വൈറസ്. മുന്നിലുള്ള പ്രതിബന്ധങ്ങളെ യുദ്ധകാലാടിസ്ഥാനത്തിൽ നീക്കുകയാണ്’, അദ്ദേഹം കൂട്ടിച്ചേർത്തു
‘എത്രയും പെട്ടെന്ന് പരമാവധി ആളുകൾക്കു വാക്സിനേഷൻ നൽകുക എന്നതിലേക്കാണ് സർക്കാരിന്റെ ശ്രദ്ധ. നിലവിൽ 18 കോടി വാക്സീൻ നൽകിയിട്ടുണ്ട്. സർക്കാർ ആശുപത്രികള്‍ വഴി വാക്സിനേഷൻ സൗജന്യമാണ്. നിങ്ങളുടെ സമയം ആകുമ്പോൾ വാക്സീൻ കുത്തിവയ്പ്പ് എടുക്കണം. കോവിഡിന് എതിരായ നമ്മുടെ മതിലാണ് വാക്സീൻ. ഗുരുതരമായി രോഗം ബാധിക്കുന്നതിൽനിന്ന് അതു നമ്മെ രക്ഷിക്കും. എന്നാൽ വാക്സിനേഷനു ശേഷവും മാസ്കുകളും സാമൂഹിക അകലവും നമ്മൾ പിന്തുടരണം’ മോദി പറഞ്ഞു.
Discussion about this post