മുംബൈ: ഒരു ഗ്രാമത്തിലെ ആളുകളുടെയെല്ലാം മുടി പെട്ടെന്ന് കൊഴിഞ്ഞു പോവുന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്ത്‌വന്നത്. ഒന്ന രാത്രികൊണ്ട് തലയിൽ ഒറ്റ മുടി നാര് പോലും ഇല്ലാതാവുന്നതിന്റെ കാരണം അറിയാൻ കഴിയാതെ ആശങ്കയിലായിരുന്നു മഹാരാഷ്ട്രയിലെ ബുൽധാന ജില്ലയിലെ ബോണ്ട്ഗാവ്, കൽവാഡ്, ഹിൻഗ്ന എന്നവിടങ്ങളിലെ ആളുകൾ.
എന്നാൽ, ഇപ്പോഴിതാ ഈ അപൂർവമായ അവസ്ഥയ്ക്ക് കാരണം കണ്ടെത്തിയിരിക്കുകയാണ് ആരോഗ്യവിദഗ്ധർ. ബുൽധാനയിലെ ഗ്രാമങ്ങളിലുള്ളവരുടെ അസാധാരണ മുടികൊഴിച്ചിലിന്റെ കാരണം സെലീനിയം എന്ന മൂലകത്തിന്റെ സാന്നിധ്യമാണെന്ന് ആരോഗ്യവിദഗ്ധർ കണ്ടെത്തി. കടുത്ത മുടികൊഴിച്ചിൽ അനുഭവപ്പെട്ടവരുടെ രക്തം, മൂത്രം, മുടി എന്നിവ പരിശോധിച്ചപ്പോൾ ഇവയിൽ സെലീനിയത്തിന്റെ സാന്നിധ്യം ആവശ്യമായിതിലും പതിന്മടങ്ങ് അളവിൽ കണ്ടെത്തിയെന്ന് ഡോ. ഹിമന്ത് റാവു ബാവസ്‌കർ നടത്തിയ പഠനം പറയുന്നു.
പഞ്ചാബിൽനിന്നും ഹരിയാനയിൽ നിന്നും ഇറക്കുമതി ചെയ്ത് പ്രാദേശിക റേഷൻ കടകൾ വഴി വിതരണം ചെയ്ത ഗോതമ്പിൽ നിന്നാണ് അമിതമായ അളവിൽ ഈ ആളുകളുടെ ശരീരത്തിൽ സെലിനിയം എത്തിച്ചേർന്നതെന്നാണ് ബാവസ്‌കറിന്റെ പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്.
പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന ഗോതമ്പിലെ സെലിനിയത്തേക്കാൾ കൂടുതലാണ് പഞ്ചാബിൽ നിന്നും ഹരിയാനയിൽ നിന്നും ഇറക്കുമതി ചെയ്തവയിലെ സെലിനിയം. ഇവയിൽ 600 മടങ്ങ് കൂടുതലാണ് സെലിനിയത്തിന്റെ അളവ്. അതേസമയം, ഈ ഗോതമ്പ് കഴിച്ചവരിൽ സിങ്കിന്റെ അളവ് കുറവായിരുന്നു. ഈ അസന്തുലിതാവസ്ഥയാണ് മുടികൊഴിച്ചിലിന് കാരണമെന്ന് ആണ് കരുതുന്നതെന്നും കരുതുന്നതായും ബാവസ്‌കർ പറയുന്നു.
മണ്ണിലും വെള്ളത്തിലും സ്വാഭാവികമായി കാണുന്ന സെലീനിയം എന്ന മൂലകം മനുഷ്യരിലെ മെറ്റാബോളിസത്തിന് അത്യാവശ്യമാണ്. എന്നാൽ, ഒരു മനുഷ്യശരീരത്തിൽ ആവശ്യമായതിലും കൂടുതലായതോടെയാണ് മുടികൊഴിച്ചിൽ പോലുള്ള പാർശ്വഫലങ്ങൾ അനുഭവിക്കേണ്ടിവന്നത്.
Discussion about this post