മലേഷ്യ: ക്വാലാലംപൂരിലെ റെയില്‍വേ തുരങ്കത്തിൽ രണ്ട് ലൈറ്റ് റെയിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് 200 ലധികം പേർക്ക് പരിക്കേറ്റു. 23 വർഷം പഴക്കമുള്ള മെട്രോ സംവിധാനത്തിന് സംഭവിച്ച ആദ്യത്തെ വലിയ അപകടമാണിത്. ഇന്നലെ രാത്രി 8.45 ഓടെയായിരുന്നു സംഭവം. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഇരട്ട ഗോപുരങ്ങളിലൊന്നായ ക്വാലാലംപൂരിലെ പെട്രോനാസ് ടവേഴ്സിന് സമീപമുള്ള ഒരു തുരങ്കത്തിൽ പരീക്ഷണ ഓട്ടത്തിൽ 213 യാത്രക്കാരുള്ള മെട്രോ ട്രെയിൻ ഒഴിഞ്ഞ മറ്റൊരു വണ്ടിയുമായി കൂട്ടിയിടിച്ചതായി ഗതാഗത മന്ത്രി വീ കാ സിയോംഗ് പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.
കൂട്ടിയിടിക്കുമ്പോൾ ഒരു വണ്ടി മണിക്കൂറിൽ 20 കിലോമീറ്റർ (12.4 മൈൽ) വേഗതയിലും മറ്റൊന്ന് മണിക്കൂറിൽ 40 കിലോമീറ്ററിലും (24.8 മൈൽ) സഞ്ചരിക്കുകയായിരുന്നു. മൂന്ന് യാത്രക്കാരുടെ നില ഗുരുതരമാണെന്നും ഇവരെ ആശുപ്രതിയിലേക്ക് മാറ്റിയതായും ഫെഡറൽ ടെറിട്ടറി മന്ത്രി അന്നുവാർ മൂസ ഇന്ന് പുലര്‍ച്ചെ ട്വീറ്റ് ചെയ്തു. 40 ലധികം പേർക്ക് ഗുരുതര പരിക്കുകളും 160 പേർക്ക് നിസാര പരിക്കുകളുമുണ്ട്. ട്രെയിന്‍ അപകടത്തില്‍ സമ്പൂർണ്ണ അന്വേഷണത്തിന് പ്രധാനമന്ത്രി മുഹ്യിദ്ദീൻ യാസിൻ ഉത്തരവിട്ടു.
ആളില്ലാതെ വന്ന വണ്ടിയിൽ ഒരു ഡ്രൈവർ ഉണ്ടായിരുന്നു. എന്നാല്‍ യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന ട്രെയിൻ പൂർണ്ണമായും യാന്ത്രികവും ഓപ്പറേഷൻ സെന്റർ വഴി നിയന്ത്രിക്കുന്നതുമായിരുന്നു.
ക്വാലാലംപൂറിനെയും ചുറ്റുമുള്ള പ്രാന്തപ്രദേശങ്ങളെയും ബന്ധിപ്പിക്കുന്ന മൂന്ന് ലൈറ്റ് റെയിൽ പാതകളിലൊന്നാണ് ഇന്നലെ രാത്രി അപകടത്തിൽപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ ട്രെയിൻ സർവീസ് പുനരാരംഭിച്ചതായി സർക്കാർ ഉടമസ്ഥതയിലുള്ള പ്രസരണ മലേഷ്യ ബെർഹാദ് പറഞ്ഞു.
കൊറോണ രോഗാണുവ്യാപനത്തെ തുടര്‍ന്ന് സാമൂഹിക അകലം ഉറപ്പാക്കുന്നതിന് യാത്രക്കാരുടെ എണ്ണം കുറച്ചെങ്കിലും മലേഷ്യന്‍ മെട്രോ സംവിധാനം പ്രതിദിനം 3,50,000 യാത്രക്കാരുമായി സഞ്ചരിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
Discussion about this post