തിരുവനന്തപുരം: കാട്ടാക്കടയില്‍ ക്ഷേത്രവളപ്പില്‍ ഇരുന്ന പ്ലസ് വണ്‍ വിദ്യാര്‍ഥികളെ പൊലീസ് പിടികൂടി മാതാപിതാക്കളുടെ മുന്നിലിട്ട് തല്ലിയെന്ന് പരാതി. പഠിക്കാന്‍ ഇരുന്നപ്പോളാണ് മർദ്ദിച്ചതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. എന്നാല്‍ മർദ്ദിച്ചില്ലെന്നും ലഹരി ഉപയോഗിക്കുന്നൂെവന്ന വിവരത്തെ തുടര്‍ന്ന് ചോദ്യം ചെയ്ത് വിട്ടയച്ചെന്നും പൊലീസ് വിശദീകരിച്ചു.
മർദ്ദിച്ചിട്ടില്ലെന്ന പൊലീസിന്റെ വാദം നുണയെന്ന് തെളിയിക്കുന്നതായിരുന്നു പുറത്തുവന്ന ദൃശ്യങ്ങള്‍. വിദ്യാര്‍ഥികളുടെ ദേഹത്ത് അടിയേറ്റ പാടുകളുമായി ചികിത്സ തേടിയിട്ടുമുണ്ട്. കേബിള്‍ വയറുകൊണ്ട് തല്ലിയെന്നാണ് പരാതി.
ഇന്നലെ വൈകിട്ട്, കാട്ടാക്കടയ്ക്ക് അടുത്ത് അഞ്ചുതെങ്ങ്മൂട് യോഗീശ്വര ക്ഷേത്രത്തിന്റെ വളപ്പില്‍ ഇരുന്ന പ്ലസ് വണ്‍ വിദ്യാര്‍ഥികളായ നാല് പേരാണ് ആക്രമിക്കപ്പെട്ടത്. രണ്ട് ജീപ്പിലെത്തിയ പൊലീസ് അവരെ പിടികൂടുകയായിരുന്നു. തടയാന്‍ ശ്രമിച്ച മാതാപിതാക്കളെ ചീത്തവിളിച്ചെന്നും അവരുടെ മുന്നിലിട്ട് മർദ്ദിച്ചെന്നും പറയുന്നു. സ്റ്റേഷനില്‍ കൊണ്ടുപോയ വിദ്യാര്‍ഥികളെ വൈകിട്ടോടെയാണ് വിട്ടയച്ചത്.
ലഹരി ഉപയോഗിക്കുന്നൂവെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലത്തെത്തിയതെന്നും പൊലീസിനെ കണ്ടതോടെ കുട്ടികള്‍ ഓടിയതിനാലാണ് ബലപ്രയോഗം വേണ്ടി വന്നതെന്നുമാണ് പൊലീസിന്റെ വിശദീകരണം. എന്നാല്‍ ഇങ്ങിനെ ന്യായീകരിക്കുമ്പോഴും മർദ്ദനം വാര്‍ത്തയായതോടെ കുട്ടികളുടെ മാതാപിതാക്കളെ വിളിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുന്നത് ഒഴിവാക്കാന്‍ സമ്മര്‍ദം ചെലുത്തുകയാണ് കാട്ടാക്കട പൊലീസ്.
Discussion about this post