തിരുവനന്തപുരം: മുട്ടില്‍ മരംമുറി വിവാദത്തില്‍ സിപിഐയെ രൂക്ഷമായി പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല. മരംമുറി വിവാദം വന്നതോടെ കാനം രാജേന്ദ്രന് മുതല്‍ കെ രാജു വരെയുളള സിപിഐ നേതാക്കളെ കാണാനില്ലെന്നാണ് ചാമക്കാലയുടെ പരിഹാസം.
ജ്യോതികുമാര്‍ ചാമക്കാലയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:-
”കണ്ടവരുണ്ടോ…? കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രങ്ങളുടെ മൊത്തക്കച്ചവടക്കാരായ കേരളത്തിലെ സിപിഐ നേതാക്കളെ കണ്ടവരുണ്ടോ ? സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്, കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം, പന്ന്യന്‍ രവീന്ദ്രന്, എന്തിന് സി.ദിവാകരനെയോ കെ.രാജുവിനെയോ എങ്കിലും ആരെങ്കിലും അടുത്ത ദിവസങ്ങളില്‍ കണ്ടിട്ടുണ്ടോ ….?
മൂന്നാറിലെ സകല കയ്യേറ്റവും ഒഴിപ്പിച്ചേ ഉറങ്ങൂ എന്ന് ശപഥം ചെയ്ത പരിസ്ഥിതി സ്നേഹി പി. പ്രസാദിന്റെ നാവ് ഇറങ്ങിപ്പോയോ? പിഴുതെറിയപ്പെട്ട രാജകീയ വൃക്ഷങ്ങളെക്കുറിച്ച് സഖാവ് ബിനോയ് വിശ്വത്തിന്റെ ഒരു കവിതയെങ്കിലും പ്രതീക്ഷിച്ചെങ്കിലും അതുമുണ്ടായില്ല..! മരംമുറിയില്‍ തിന്ന ഉപ്പിന്റെ ചവര്‍പ്പ് മാറ്റാന്‍ വെള്ളം കുടിച്ചുകൊണ്ടിരിക്കുകയാണോ സഖാക്കള്‍…?
മരംമുറി ഫയല്‍ എം.എന്‍ സ്മാരകത്തിലെത്തിച്ച് പരിശോധിച്ചിട്ടും രക്ഷപെടാനുള്ള പഴുതൊന്നും കിട്ടാത്തതിനാലാണോ എല്ലാവരും തലയില്‍ മുണ്ടിട്ട് മടങ്ങിയത്. ?
( എം.എന്‍ സ്മാരകത്തില്‍ കൊണ്ടുപോയി പരിശോധിക്കാന്‍ കാനം രാജേന്ദ്രന്റെ തറവാട്ടു സ്വത്തോ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പാര്‍ട്ടി രേഖയോ അല്ല സര്‍ക്കാര്‍ ഫയലെന്ന് ഓര്‍മ്മിപ്പിക്കട്ടെ). കേരളത്തിന്റെ പൈതൃക സ്വത്തായ രാജകീയ വൃക്ഷങ്ങള്‍ മാഫിയക്ക് വിറ്റതില്‍ നേതാക്കള്‍ക്ക് പങ്കില്ലെങ്കില്‍ ആര്‍ജവത്തോടെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന് വിശദീകരിക്കട്ടെ…..
മരംസംരക്ഷിക്കാന് ശ്രമിക്കുന്ന ഉദ്യോഗസ്ഥരെ ശരിപ്പെടുത്തിക്കളയും എന്ന കല്ലേല്‍ പിളര്‍ക്കുന്ന കല്‍പ്പന ആരുടേതായിരുന്നുവെന്ന് കാനം രാജേന്ദ്രന് കേരളത്തോട് പറയട്ടെ… 2017 മുതല്‍ സജീവ ചര്‍ച്ചയായ വിഷയത്തില്‍ പഴുതുകളിട്ട ഉത്തരവ് ഇറങ്ങിയത് നിഷ്ക്കളങ്കമായി സംഭവിച്ച പിഴവാണെന്ന് സിപിഐയ്ക്ക് ആവര്‍ത്തിക്കാം, പക്ഷേ വിശ്വസിക്കാന്‍ പാര്‍ട്ടി സഖാക്കള്‍ പോലുമുണ്ടാവില്ല…. കര്‍ഷകര്‍, കര്‍ഷകര്‍ എന്ന് ആവര്‍ത്തിച്ചാല്‍ നിങ്ങളുടെ മേല്‍ വീണ കറ കഴുകിക്കളയാനാവില്ല… മരംമുറിച്ച് കടത്തിയവര്‍ക്കെതിരെ കേസെടുത്താല്‍ തീരുന്നതല്ല ഈ കേസ്… ഒക്ടോബര്‍ 24 ലെ ഉത്തരവിന് പിന്നിലെ ഗൂഢാലോചനയാണ് ആദ്യം അന്വേഷണ വിധേയമാക്കേണ്ടത്… അതിന് എഡിജിപിയോ ഡിജിപിയോ പോര, സ്വതന്ത്ര ഏജന്‍സി നടത്തുന്ന സമഗ്രമായ അന്വേഷണമാണ് അനിവാര്യം….”
Discussion about this post