തിരുവനന്തപുരം: കേരളത്തില്‍ സിക വൈറസ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് 12 പേര്‍ക്കാണ് സിക വൈറസ് സ്ഥിരീകരിച്ചത്. പൂണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
ഈഡിസ് വിഭാഗത്തില്‍ ഉള്‍പെടുന്ന കൊതുക് പരത്തുന്ന പനിയാണിത്. തലവേദന, പനി, പേശിവേദന, കണ്ണുവീക്കം, ചര്‍മ്മത്തില്‍ ചുവന്ന പാടുകള്‍, ചെങ്കണ്ണ്, സന്ധിവേദന എന്നിങ്ങനെ ഡെങ്കിപ്പനിയോടു സാദൃശ്യമുള്ള ലക്ഷണങ്ങളാണ് ഈ രോഗത്തിനുള്ളത്. സിക വൈറസ് ബാധക്ക് പ്രത്യേകിച്ച് ചികിത്സ ലഭ്യമല്ല.
ലക്ഷണങ്ങള്‍ക്ക് അനുസരിച്ചുള്ള ചികിത്സയാണ് രോഗികള്‍ക്ക് നല്‍കുക. വിശ്രമിച്ചാല്‍ പൂര്‍ണമായും മാറും. എന്നാല്‍ ഗര്‍ഭിണികളെയാണ് ബാധിക്കുന്നതെങ്കില്‍ ഗര്‍ഭസ്ഥശിശുക്കളുടെ തലയോട്ടിക്ക് വളര്‍ച്ചക്കുറവ് ഉള്‍പ്പെടെ ആരോഗ്യപ്രശ്നങ്ങള്‍ സംഭവിച്ചേക്കാം. അതിനാല്‍ ഗര്‍ഭിണികള്‍ അതീവജാഗ്രത പുലര്‍ത്തണം. രക്തം സ്വീകരിക്കുന്നതിലൂടെയും ലൈംഗിക ബന്ധത്തിലുടെയും രോഗം പകരും.
രോഗം സ്ഥിരീകരിച്ചവരുടെ യാത്രാ-സമ്പര്‍ക്ക വിവരങ്ങള്‍ ആരോഗ്യ വകുപ്പ് ശേഖരിക്കാൻ ആരംഭിച്ചു. വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപ്പിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടങ്ങി.
Discussion about this post