തിരുവനന്തപുരം : കോവിഡ് നിയന്ത്രണങ്ങളില്‍ മാറ്റംവരുത്താന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. നിലവില്‍ കട തുറക്കാന്‍ അനുമതിയില്ലാത്ത ഡി വിഭാഗത്തില്‍പ്പെട്ട പ്രദേശങ്ങളില്‍ ബക്രീദ് പ്രമാണിച്ച് നിയന്ത്രണങ്ങള്‍ക്ക് വിധേയമായി തിങ്കളാഴ്ച ഒരു ദിവസം കട തുറക്കാന്‍ അനുമതി നല്‍കും. ഇലക്ട്രോണിക് ഷോപ്പുകള്‍, ഇലക്ട്രോണിക് റിപ്പയര്‍ ഷോപ്പുകള്‍, വീട്ടുപകരണങ്ങള്‍ വില്‍ക്കുന്ന ഷോപ്പുകള്‍ എന്നിവ കാറ്റഗറി എ, ബി പ്രദേശങ്ങളില്‍ രാവിലെ ഏഴ് മുതല്‍ രാത്രി എട്ടു വരെ പ്രവര്‍ത്തിക്കാം.
വിശേഷ ദിവസങ്ങളില്‍ ആരാധനാലയങ്ങളില്‍ 40 പേര്‍ക്ക് പ്രവേശനം അനുവദിക്കും. ആരാധനാലയങ്ങളുടെ ചുമതല ഉള്ളവര്‍ എണ്ണം കൃത്യമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കണം. ആരാധനാലയങ്ങളില്‍ എത്തുന്നവര്‍ ഒരു ഡോസ് എങ്കിലും വാക്സിന് എടുത്തിരിക്കണം.
എ, ബി വിഭാഗങ്ങളില്‍ മറ്റ് കടകള്‍ തുറക്കാന്‍ അനുമതിയുള്ള ദിവസങ്ങളില്‍ ബ്യൂട്ടി പാര്‍ലറുകളും ബാര്‍ബര്‍ ഷോപ്പുകളും ഒരു ഡോസ് വാക്സിന് എടുത്ത ജീവനക്കാരെ ഉള്‍പ്പെടുത്തി ഹെയര്‍ സ്റ്റൈലിങ്ങിനായി തുറക്കാം.
കാറ്റഗറി എ, ബി പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ക്ക് വിധേയമായി സിനിമാ ഷൂട്ടിങ്ങിനും അനുമതി നല്‍കും. ഒരു ഡോസ് എങ്കിലും വാക്സിന് എടുത്തവര്‍ക്കാണ് ഇവിടെയും പ്രവേശനം ഉണ്ടാവുകയെന്നും കോവിഡ് അവലോകന യോഗത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനം ഇന്ന് നേരിടുന്ന ഗൗരവതരമായ സാഹചര്യം മറികടക്കാന്‍ നിയന്ത്രണങ്ങള്‍ കൂടിയേ തീരൂ. നിലവിലുള്ള നിയന്ത്രണങ്ങള്‍ കൊണ്ടാണ് രോഗവ്യാപനം ഇന്നത്തെ നിലയില്‍ പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞത്. നിലവില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) അഞ്ചില്‍ താഴെയുള്ള 86 തദ്ദേശ സ്ഥാപനങ്ങളാണ് സംസ്ഥാനത്തുള്ളത്. ബി വിഭാഗത്തില്‍ (ടിപിആര്‍ 5 മുതല്‍ 10 വരെ) 398 തദ്ദേശ സ്ഥാപനങ്ങളുണ്ട്. സി വിഭാഗത്തില്‍ (ടിപിആര്‍ 10 മുതല്‍ 15 വരെ) 362 തദ്ദേശ സ്ഥാപനങ്ങളാണുള്ളത്. ടിപിആര്‍ 15 ന് മുകളിലുള്ള 194 തദ്ദേശ സ്ഥാപനങ്ങള്‍ സംസ്ഥാനത്തുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സര്‍ക്കാര്‍ – സ്വകാര്യ ആശുപത്രികള്‍ തികഞ്ഞ സഹകരണത്തോടെയാണ് കോവിഡിനെ നേരിടാന്‍ ശ്രമിക്കുന്നത്. കോവിഡ് പെരുമാറ്റച്ചട്ടം കര്‍ശനമായി നടപ്പാക്കിയും ലഘൂകരിച്ച ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയും, വാക്സിനേഷന് വേഗത്തിലാക്കിയും കോവിഡിന്റെ രണ്ടാം തരംഗത്തെ അതിജീവിക്കാനാണ് നിലവില്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post