തിരുവനന്തപുരം: സച്ചാർ, പാലോളി കമ്മിറ്റി റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നടപ്പാക്കിയ ന്യൂനപക്ഷ സ്കോളർഷിപ്പുകൾ ജനസംഖ്യാനുപാതികമാക്കാനുള്ള സർക്കാർ ഉത്തരവിൽ അനുപാത കണക്കിൽ ഒളിച്ചുകളി. നിലവിൽ മുസ്ലിം വിദ്യാർഥികൾക്ക് 80 ശതമാനവും ലത്തീൻ, പരിവർത്തിത ക്രൈസ്തവ വിഭാഗങ്ങൾക്ക് 20 ശതമാനവുമാണ് നൽകി വരുന്ന സ്കോളർഷിപ്പ്. ഭാവിയിൽ ഇത് ഏത് അനുപാതമായിരിക്കുമെന്ന കണക്കിൽ ഉത്തരവ് മൗനം പാലിക്കുകയാണ്.
2011ലെ സെൻസസ് പ്രകാരം ജനസംഖ്യാടിസ്ഥാനത്തിൽ ന്യൂനപക്ഷ സ്കോളർഷിപ്പുകൾ പാഴ്സി ഉൾപ്പെടെയുള്ള എല്ലാ ന്യൂനപക്ഷങ്ങൾക്കും (മുസ്ലിം -26.56 ശതമാനം, ക്രിസ്ത്യൻ -18.38, ബുദ്ധ -0.01, ജൈന – 0.01, സിഖ് -0.01 മുതലായവ) നൽകാനാണ് ഉത്തരവിൽ നിർദേശം. സർക്കാർ ഉത്തരവിൽ പരാമർശിച്ചിരിക്കുന്നത് മൊത്തം ജനസംഖ്യയിലെ ന്യൂനപക്ഷ മതവിഭാഗങ്ങളുടെ പ്രാതിനിധ്യമാണ്. എന്നാൽ, ന്യൂനപക്ഷ ജനസംഖ്യയിലെ മുസ്ലിം, ക്രിസ്ത്യൻ പ്രാതിനിധ്യം പരാമർശിച്ചിട്ടില്ല.
സ്കോളർഷിപ്പിന്റെ അനുപാതം മാറ്റിയത് മറച്ചുവെക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഉത്തരവിലെ ഈ ഒളിച്ചുകളി. നേരത്തേ 80:20 ആയിരുന്ന സ്കോളർഷിപ് സർക്കാർ തീരുമാനത്തിലൂടെ 59.05 (മുസ്ലിം): 40.87 (ക്രിസ്ത്യൻ) അനുപാതത്തിലേക്ക് മാറുമെന്ന വസ്തുത മറച്ചുവെക്കാനും ഉത്തരവിലൂടെ ശ്രമിക്കുന്നു.
സ്കോളർഷിപ് ജനസംഖ്യാനുപാതത്തിലേക്ക് മാറുമ്പോൾ നിലവിൽ 80 ശതമാനം ലഭിക്കുന്ന മുസ്ലിം വിഭാഗത്തിന് 59.05 ശതമാനമായി കുറയുകയും 20 ശതമാനമുണ്ടായിരുന്ന ക്രിസ്ത്യൻ വിഭാഗത്തിന് 40.87 ശതമാനമായി വർധിക്കുകയും ചെയ്യും.
അനുപാതത്തിൽ മാറ്റമുണ്ടാകുന്നത് വഴി മുസ്ലിം സമുദായത്തിനുണ്ടാകുന്ന നഷ്ടം പരിഹരിക്കാനെന്ന രീതിയിലാണ് നിലവിൽ ആനുകൂല്യങ്ങൾ ലഭിക്കുന്ന വിഭാഗങ്ങൾക്ക് ഇപ്പോൾ ലഭിക്കുന്ന തുകയിലോ ആനുകൂല്യം ലഭിക്കുന്ന എണ്ണത്തിലോ കുറവുണ്ടാകരുതെന്ന വ്യവസ്ഥ ഉത്തരവിൽ ചേർത്തിരിക്കുന്നത്. ഇതുപ്രകാരം കഴിഞ്ഞവർഷം മുസ്ലിം വിദ്യാർഥികൾക്ക് സ്കോളർഷിപ് ഇനത്തിൽ മൊത്തം ലഭിച്ച തുകയും സ്കോളർഷിപ് ഗുണഭോക്താക്കളുടെ എണ്ണവും സംരക്ഷിക്കപ്പെടും.
എന്നാൽ, വരും വർഷങ്ങളിൽ ഈ വ്യവസ്ഥ മുസ്ലിം സമുദായത്തിന് കൂടുതൽ ദോഷകരമായി മാറും. സ്കോളർഷിപ് തുകയും എണ്ണവും കാലാനുസൃതമായി ഉയരുമ്പോൾ 2020ൽ ലഭിച്ച അതേ സ്കോളർഷിപ് തുകയിലും എണ്ണത്തിലും മുസ്ലിം വിഭാഗങ്ങൾ തളക്കപ്പെടുമെന്ന ആശങ്കയും പരത്തുന്നതാണ് സർക്കാർ ഉത്തരവ്.
Discussion about this post