ഗുവാഹട്ടി: അസമില്‍ ബാങ്ക് കവര്‍ച്ചയ്ക്കെത്തിയ മൂന്നുപേരെ പോലീസ് സംഘം വെടിവെച്ച് കൊന്നു. ഞായറാഴ്ച പുലര്‍ച്ചെ ബോട്ട്ഗാവിലെ അലഹാബാദ് ബാങ്ക് കൊള്ളയടിക്കാനെത്തിയവരെയാണ് ഏറ്റുമുട്ടലില്‍ വധിച്ചത്. കൊള്ളസംഘത്തില്‍ ഉള്‍പ്പെട്ട മറ്റുചിലര്‍ രക്ഷപ്പെട്ടതായും ഇവരുടെ വാഹനങ്ങളടക്കം കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
അലഹാബാദ് ബാങ്കിന്റെ ബോട്ട്ഗാവ് ശാഖയില്‍ കവര്‍ച്ച നടത്താന്‍ ശ്രമമുണ്ടെന്ന് പോലീസിന് നേരത്തെ രഹസ്യവിവരം ലഭിച്ചിരുന്നു. ഇതോടെയാണ് പ്രദേശത്ത് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയത്. മൂന്നുമാസം മുമ്പും ഇതേ ബാങ്കില്‍ കവര്‍ച്ചാശ്രമം നടന്നിരുന്നു.
ഞായറാഴ്ച പുലര്‍ച്ചെ 2.30-ഓടെ കൊള്ളസംഘം എത്തിയപ്പോള്‍ ചെംഗ്മാരിയില്വെച്ച് പോലീസ് ഇവരെ തടഞ്ഞു. ഇതോടെ കൊള്ളസംഘം പോലീസിന് നേരേ വെടിയുതിര്‍ക്കുകയും പോലീസ് തിരിച്ചടിക്കുകയുമായിരുന്നു.
കവര്‍ച്ചാസംഘത്തിലെ മൂന്നുപേര്‍ക്കാണ് ഏറ്റുമുട്ടലില്‍ വെടിയേറ്റത്. ഇവരെ പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഘത്തിലെ മറ്റുള്ളവര്‍ രക്ഷപ്പെടുകയും ചെയ്തു.
കൊല്ലപ്പെട്ടവരുടെ ഇരുചക്രവാഹനങ്ങളും മൊബൈല്‍ ഫോണുകളും മറ്റു ആയുധങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഗ്യാസ് കട്ടറും രണ്ട് തോക്കുകളും ഓക്സിജന്‍ സിലിന്‍ഡറുകളും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു.
കവര്‍ച്ചാശ്രമം പരാജയപ്പെടുത്തിയ പോലീസിനെ മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ അഭിനന്ദിച്ചു. അതിനിടെ, ബി.ജെ.പി. സര്‍ക്കാരിന്റെ ഭരണകാലയളവില്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുകയാണെന്ന് പ്രതിപക്ഷവും സാമൂഹികപ്രവര്‍ത്തകരും ആരോപിക്കുന്നുണ്ട്. എന്നാല്‍ നിയമത്തിന്റെ പരിധിക്കുള്ളില്‍നിന്ന് കുറ്റവാളികളെ നേരിടാന്‍ പോലീസിന് പൂര്‍ണ സ്വാതന്ത്ര്യമുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
Discussion about this post