കോഴിക്കോട്: നിപ്പ സ്ഥിരീകരിച്ച പ്രദേശങ്ങളിൽനിന്നും സമീപ പ്രദേശങ്ങളിൽനിന്നും ശേഖരിച്ച വവ്വാലുകളുടെ സ്രവ സാംപിളുകളിൽ ചിലതിൽ നിപ്പ സാന്നിധ്യം സ്ഥിരീകരിച്ചു. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലാണ് രണ്ടിനം വവ്വാലുകളുടെ സ്രവ സാംപിളിൽ നിപ്പ വൈറസിനെതിരായ ഐജിജി ആന്റിബോഡി സാന്നിധ്യം സ്ഥിരീകരിച്ചത് എന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. നിപ്പയുടെ പ്രഭവകേന്ദ്രം വവ്വാലാണെന്ന് അനുമാനിക്കാമെന്നും മന്ത്രി അറിയിച്ചു.
സെപ്റ്റംബർ 5നാണ് നിപ്പ ലക്ഷണങ്ങളോടെ ചികിത്സയിലിരുന്ന 12 വയസ്സുകാരന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. നിപ്പ സ്ഥിരീകരിച്ചതോടെ കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തിലെ പഴൂർ വാർഡ് അടച്ചിരുന്നു. കേന്ദ്ര സംഘവും മൃഗ സംരക്ഷണ വകുപ്പ് അധികൃതരും സ്ഥലത്തെത്തി വിശദ പരിശോധന നടത്തി. ആദ്യഘട്ടത്തിൽ ശേഖരിച്ച മൃഗ സാംപിളുകളിലെ ഭോപ്പാലിൽ നടത്തിയ പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു. തുടർന്നാണ് രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ വിശദമായ പരിശോധന നടത്തിയത്.
മരിച്ച കുട്ടിയുടേത് ഇത്തവണത്തെ ആദ്യ കേസാണെന്നാണ് നിഗമനം. കുട്ടിക്ക് എങ്ങനെയാണ് വൈറസ് ബാധ ഉണ്ടായതെന്നാണ് ഇനി അറിയേണ്ടത്. ഇക്കാര്യം പരിശോധിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.
Discussion about this post