പാട്ടിന്റെ ലോകത്തെ ജീവിതത്തിന് മലയാളത്തിന്റെ സ്വന്തം ഗാനഗന്ധര്വന് കെ.ജെ യേശുദാസ് ഇന്ന് ഷഷ്ടിപൂർത്തി ആഘോഷിക്കുകയാണ്. അദ്ദേഹത്തിന് ആശംസകളറിയിച്ച് നിരവധി പേർ രംഗത്തെത്തി.
ഇപ്പോഴും രാത്രി ഞാനുറങ്ങുന്നത് അറുപതുകളിലെയും എഴുപതുകളിലെയും ദാസ് സാര്‍ പാടിയ മലയാള സിനിമാ ഗാനങ്ങള്‍ കേട്ടിട്ടാണ്. മലയാളം എനിക്കത്ര അറിയില്ല. ഓമലാളെ കണ്ടു ഞാന്‍… എന്ന പാട്ടൊക്കെ എന്റെ എക്കാലത്തെയും ഫേവറിറ്റാണ്. ദാസ് സാറിന്റെ ശബ്ദത്തിന്റെ അടിമയാണ് ഞാന്‍. എനിക്ക് വേണ്ടിയും അദ്ദേഹം ഒരുപാട് ഗാനങ്ങള്‍ പാടിയിട്ടുണ്ട്. ദാസ് സാറിന് കോടി നമസ്കാരം. അദ്ദേഹത്തിന് ദീര്‍ഘായുസ് നേരുന്നു. തമിഴ് നടൻ സത്യരാജ് ഫേസ്ബുക്കിൽ കുറിച്ചു.
മലയാളികളുടെ പ്രിയതാരം മോഹന്‍ലാലും ഗാനഗന്ധര്വന് യേശുദാസിന് ആശംസകള്‍ നേർന്ന് രംഗത്തെത്തി. ‘പ്രിയപ്പെട്ട ദാസേട്ടാ, സംഗീതത്തിന്റെ സ്വര്‍ഗ വസന്തമായി അങ്ങു ഞങ്ങളില്‍ പൂത്തു നിറയുന്നു. കഴിഞ്ഞ അറുപത് കൊല്ലങ്ങളായി. ആ ശബ്ദത്തിന്റെ ഏകാന്തതകളില്‍ സ്വര്‍ഗ്ഗം എന്തെന്നറിഞ്ഞു. മനസ്സില്‍ നന്മകള് ഉണര്‍ന്നു. വേദനകള്‍ മറന്നു. അങ്ങനെ എന്റെ എളിയ ജീവിതം അര്‍ത്ഥപൂര്‍ണ്ണമായി. നന്ദിയോടെ ഓരോ മലയാളികള്‍ക്കുമൊപ്പം ഈ ഹൃദയ സ്പന്ദനങ്ങള്‍ അങ്ങേയ്ക്ക് സമര്‍പ്പിക്കട്ടേ. എന്നിട്ട് ഇനിയുമിനിയും കാതോര്ത്തിരിക്കട്ടെ. പ്രണാമങ്ങളോടെ മോഹന്‍ലാല്‍’. മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.
യേശുദാസിന്റെ ആദ്യ ഗാനം 1961 നവംബർ 14നാണ് റിക്കോർഡ് ചെയ്തത്. കെ. എസ്. ആന്റണി എന്ന സംവിധായകൻ തന്റെ ‘കാൽപ്പാടുകൾ’ എന്ന സിനിമയിലെ മുഴുവൻ ഗാനങ്ങളും പാടാനായിരുന്നു ക്ഷണിച്ചിരുന്നതെങ്കിലും ജലദോഷം മൂലം ഒരു ഗാനം മാത്രമേ അദ്ദേഹത്തിന് പാടാനായുള്ളു. അങ്ങനെ ‘ജാതിഭേദം മതദ്വേഷം’ എന്നു തുടങ്ങുന്ന ഗുരുദേവകീർത്തനം പാടി യേശുദാസ് ചലച്ചിത്ര സംഗീത ലോകത്ത് ഹരിശ്രീ കുറിച്ചു.
ചെന്നൈയിലെ ഭരണി സ്റ്റുഡിയോയിലായിരുന്നു ആദ്യ ഗാനത്തിന്റെ റിക്കോർഡിംഗ് നടന്നത്. എം. ബി. ശ്രീനിവാസനായിരുന്നു ഈ ഗാനം ചിട്ടപ്പെടുത്തിയത്. പിന്നീടിങ്ങോട്ട് മലയാള സിനിമയിൽ കണ്ടത് യേശുദാസിന്റെ സംഗീത പ്രവാഹമാണ്.
Discussion about this post