ജനീവ: ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തുന്ന പുതിയ കൊവിഡ് വകഭേദം ഒമൈക്രോണിനെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ഒമിക്രോണ്‍ ആഗോളതലത്തില്‍ ഉയര്‍ന്ന അപകടസാധ്യതയുള്ളതാവാമെന്ന് ലോകാരോഗ്യ സംഘടന പ്രസ്താവനയില്‍ വ്യക്തമാക്കി. ഒമിക്രോണ്‍ വകഭേദം എത്രത്തോളം അപകടകരമാണെന്നതില്‍ അഭ്യൂഹങ്ങള്‍ പടരുന്നതിനിടെയാണ് ലോകാരോഗ്യ സംഘടന വ്യക്തത വരുത്തിയിരിക്കുന്നത്.
ഒമിക്രോണ്‍ വകഭേദം പടര്‍ന്നുപിടിച്ചാല്‍ അതിന്റെ പ്രത്യാഘാതം അതീവഗുരുതരമായിരിക്കുമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. എന്നാല്‍ ഒമിക്രോണ്‍ വകഭേദവുമായി ബന്ധപ്പെട്ട് ഇതുവരെ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അറിയിപ്പില്‍ പറയുന്നു. പലതവണ വകഭേദം വന്ന വൈറസ് ആണ് ഒമിക്രോണ്‍. മഹാമാരിയുടെ സ്വഭാവത്തെ തന്നെ അതു മാറ്റിമറിക്കും. വാക്സിനുകള്‍ വഴിയും നേരത്തെ കൊവിഡ് ബാധിച്ചതുവഴിയുമുള്ള പ്രതിരോധ ശേഷിയും കൊണ്ട് ഒമിക്രോണിനെ മറികടക്കാന്‍ സാധിക്കുമോ കൂടുതല്‍ പഠനം വേണ്ടതുണ്ടെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ദക്ഷിണാഫ്രിക്കയില്‍ കൊവിഡിന്റെ പുതിയ വകഭേദമായ B.1.1 529 കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചത്.
Discussion about this post