ശ്രീഹരിക്കോട്ട: 2022-ലെ ഐ.എസ്.ആര്.ഒയുടെ ആദ്യ വിക്ഷേപണത്തിനുള്ള കൗണ്‍ഡൗണ്‍ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍ തുടങ്ങി. പ്രണയദിനമായ ഫെബ്രുവരി 14ന് വിക്ഷേപിക്കുന്ന പി.എസ്.എല്‍.വി C52 റോക്കറ്റിന്റെ കൗണ്‍ഡൗണ്‍ ആണ് ഇന്ന് പുലര്‍ച്ചെ 4.29ന് തുടങ്ങിയത്.
പുലര്‍ച്ചെ 5.59നാണ് എര്‍ത്ത് ഒബ്സര്‍വേഷന്‍ സാറ്റലൈറ്റ് ആയ ഇഒഎസ്-04ന്റെ വിക്ഷേപണം നിശ്ചയിച്ചിട്ടുള്ളത്. 1710 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെ 529 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലാണ് പി.എസ്.എല്‍.വി C52 എത്തിക്കുക.
കൃഷി, വനം, തോട്ടങ്ങള്‍, മണ്ണിലെ ഈര്‍പ്പം, ജലശാസ്ത്രം, വെള്ളപ്പൊക്ക മാപ്പിങ് തുടങ്ങിയ ആപ്ലിക്കേഷനുകള്‍ക്കായി എല്ലാ കാലാവസ്ഥയിലും ഉയര്‍ന്ന നിലവാരമുള്ള ചിത്രങ്ങള്‍ നല്കാന് രൂപകല്പന ചെയ്ത റഡാര്‍ ഇമേജിങ് സാറ്റലൈറ്റാണ് ഇഒഎസ്-04. ഇഒഎസ്-04നൊപ്പം മറ്റ് രണ്ട് ഉപഗ്രഹങ്ങള്‍ കൂടി പി.എസ്.എല്‍.വി ഭ്രമണപഥത്തില്‍ എത്തിക്കും.
കൊളറാഡോ യൂണിവേഴ്സിറ്റിയിലെ അറ്റ്മോസ്ഫെറിക് ആന്‍ഡ് സ്പേസ് ഫിസിക്സ് ലബോറട്ടറിയുമായി സഹകരിച്ച് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്‍ഡ് ടെക്നോളജി (ഐ.ഐ.എസ്.ടി) തയാറാക്കിയ സ്റ്റുഡന്റ് സാറ്റലൈറ്റ് ആയ ഇന്‍സ്പെയര്‍ സാറ്റ്-1ഉം ഇന്ത്യ-ഭൂട്ടാന് സംയുക്ത ഉപഗ്രഹത്തിന്റെ (ഐഎന്‍എസ്-2ബി) മുന്നോടിയായ ഇസ്റോയുടെ ടെക്നോളജി ഡെമോന്‍സ്ട്രേറ്റര്‍ സാറ്റലൈറ്റായ ഐഎന്‍എസ്-2റ്റിഡിയും ആണിത്.
Discussion about this post