നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാനാണ് അന്വേഷണ സംഘത്തലവന് സ്ഥാനത്ത് നിന്ന് എസ് ശ്രീജിത്തിനെ മാറ്റിയതെന്ന് കെ കെ രമ എം എൽ എ. ശ്രീജിത്തിനെ മാറ്റിയതിന്റെ പിന്നില്‍ അഭിഭാഷകന് രാമന്‍പിള്ളയുടെ ഇടപെടലാണെന്നും രമ പറഞ്ഞു. സ്വകാര്യ മാധ്യമ സംവാദത്തിലായിരുന്നു രമയുടെ പ്രതികരണം.
ടിപി കേസിലെ ഉന്നതര്‍ ആരൊക്കെയാണെന്നും കേസില്‍ എന്തൊക്കെയാണ് നടന്നതെന്നും വ്യക്തമായി പഠിച്ച അഭിഭാഷകനാണ് രാമന്‍പിള്ള. അദ്ദേഹത്തിനൊപ്പം ഇപ്പോള്‍ സര്‍ക്കാര്‍ നിന്നിട്ടില്ലെങ്കില്‍ പല വിവരങ്ങളും പുറത്തുവരുമെന്ന ഭയം സര്‍ക്കാരിനുണ്ടെന്നും കെ കെ രമ പറഞ്ഞു. രാമന്‍പിള്ള അടക്കമുള്ളവരെ രക്ഷിക്കാന്‍ വേണ്ടിയാണ് ശ്രീജിത്തിനെ സ്ഥാനത്ത് നിന്ന് മാറ്റിയതെന്നും അവർ കൂട്ടിച്ചേർത്തു.
നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം ശരിയായ ദിശയില്‍ എത്തില്ല. കേസ് അട്ടിമറിക്കാനുള്ള നീക്കമാണ് നടക്കുന്നത്. മികച്ച ഉദ്യോഗസ്ഥര്‍ തന്നെയാണ് അന്വേഷണസംഘത്തിലുള്ളതെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ അവര്‍ക്ക് പരിമിതികളുണ്ടെന്നും കെ കെ രമ ചൂണ്ടിക്കാട്ടി.
Discussion about this post