കൊച്ചി : ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിനെ ഇഡി ചോദ്യം ചെയ്യുന്നു. സ്വപ്ന സുരേഷ്, സരിത്, സന്ദീപ് എന്നിവർക്ക് ചോദ്യംചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടുകൊണ്ട് ഇഡി നോട്ടീസ് അയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് രാവിലെയോടെ സ്വപ്ന ഇഡി ഓഫീസിലെത്തിയത്. മൂന്നുപേരെയും ഒരുമിച്ച് ചോദ്യം ചെയ്യാനാണ് ഇഡിയുടെ നീക്കം.
കേസുമായി ബന്ധപ്പെട്ട് നേരത്തെ സിബിഐയും ഇവരെചോദ്യം ചെയ്തിരുന്നു. 2021 ൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഇഡി അന്വേഷണം നടത്തുന്നത്. തന്റെ നിലപാടിൽ ഉറച്ചു നിൽക്കുന്നുണ്ടെന്നും സത്യങ്ങൾ പുറത്ത് വരണമെന്നാണ് ആഗ്രഹമെന്നും സ്വപ്ന പറഞ്ഞു. താനുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലെയും ഉന്നതരുടെ ഇടപെടലുകൾ പുറത്ത് വരണമെന്നും സ്വപ്ന സുരേഷ് പറയുന്നു.
സ്വർണക്കടത്ത് കേസിലെ അന്വേഷണത്തിനിടെയാണ് ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിക്ക് വേണ്ടി 18.50 കോടി രൂപയാണ് യുഎഇ കോൺസുലേറ്റ് വഴി സ്വരൂപിച്ചത്. ഇതിൽ 14.50 കോടി കെട്ടിട നിർമ്മാണത്തിന് ഉപയോഗിച്ചു. ബാക്കി തുക സർക്കാർ ഉദ്യോഗസ്ഥർക്ക് കോഴയായി വിതരണം ചെയ്തുവെന്നാണ് കണ്ടെത്തൽ.
കെട്ടിട നിർമ്മാണ കരാർ ഏറ്റെടുത്ത യൂണിടാക് എംഡി സന്തോഷ് ഈപ്പനും ഇതിൽ പങ്കുണ്ടെന്നും പുറത്തുവന്നിരുന്നു. നിർമാണക്കരാർ ലഭിച്ചതിന് മൂന്നരക്കോടി രൂപയുടെ ഡോളർ യുഎഇ കോൺസുലേറ്റിലെ ഈജിപ്ഷ്യൻ പൗരൻ ഖാലിദ് അലി ഷൗക്രിക്കും സന്ദീപ് നായർക്കും കോഴ നൽകിയിരുന്നു. സ്വപ്ന സുരേഷിന് അഞ്ച് ഐഫോൺ നൽകിയെന്നും മൊഴിയിലുണ്ട്.
Discussion about this post