ന്യൂഡൽഹി: 1990ൽ കശ്മീർ താഴ്വരയിൽ നിന്ന് ഹിന്ദുക്കൾ കൂട്ടപ്പലായനം ചെയ്ത സംഭവത്തിൽ വിവാദ പരാമർശവുമായി സമാജ്വാദി പാർട്ടി നേതാവ് അബു ആസ്മി. കഴിഞ്ഞ 30 വർഷത്തിനിടെ കശ്മീരിൽ 1700-1800 പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നും, അവരിൽ ഭൂരിഭാഗവും മുസ്ലീങ്ങളാണെന്നും അബു ആസ്മി പറയുന്നു.
” കഴിഞ്ഞ 30 വർഷത്തിനിടെ 1700-1800 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിൽ 89 പേർ മാത്രമാണ് കശ്മീരി പണ്ഡിറ്റുകൾ. ബാക്കിയുള്ളവരെല്ലാം മുസ്ലീം, സിഖ് സഹോദരന്മാരായിരുന്നു. കശ്മീരി പണ്ഡിറ്റുകളെല്ലാം 1990ൽ തന്നെ താഴ്വരയിൽ നിന്ന് ഓടിപ്പോയിരുന്നു. പക്ഷേ മുസ്ലീം സഹോദരങ്ങൾ ഇപ്പോഴും അവിടെ പോരാടി മരണം വരിക്കുകയാണെന്നും’ അബു ആസ്മി പറയുന്നു.
ദി കശ്മീരി ഫയൽസ് എന്ന ചിത്രത്തേയും അബു ആസ്മി വിമർശിച്ചു. ” നുണകൾ നിറഞ്ഞൊരു സിനിമയാണത്. ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും ഇടയിൽ ഭിന്നത സൃഷ്ടിക്കാനുള്ള തന്ത്രമാണിത്. പ്രധാനമന്ത്രി നരേന്ദ്രമോദി കശ്മീർ ഫയൽസ് സിനിമയെ പ്രോത്സാഹിപ്പിച്ചു. ഒരു പ്രധാനമന്ത്രിയും ഇതുവരെ ഒരു സിനിമയേയും ഇതുപോലെ അംഗീകരിച്ചിട്ടില്ല. കശ്മീരിലെ മുസ്ലീങ്ങൾ ഹിന്ദുക്കളെ ക്രൂരതയ്ക്ക് ഇരയാക്കിയെന്നാണ് ചിത്രത്തിൽ പറയുന്നതെന്നും” അബു ആസ്മി പറയുന്നു.
1990ലെ കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയേയും കൂട്ടപ്പലായനത്തേയും അടിസ്ഥാനമാക്കി നിർമ്മിച്ച ചിത്രമാണ് കശ്മീരി ഫയൽസ്. കഴിഞ്ഞ മാർച്ചിലാണ് ചിത്രം റിലീസ് ചെയ്തത്. സത്യം വെളിപ്പെടുത്തുന്ന ചിത്രമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചിത്രത്തെ വിശേഷിപ്പിച്ചത്. വസ്തുതകളുടേയും സത്യത്തിന്റേയും അടിസ്ഥാനത്തിൽ സിനിമയെ വിലയിരുത്തുന്നതിന് പകരം അതിനെ അപകീർത്തിപ്പെടുത്താനുള്ള പ്രചാരണങ്ങളാണ് നടക്കുന്നത്. സത്യം ആരും അറിയരുതെന്നാണ് ഒരു കൂട്ടർ ആഗ്രഹിക്കുന്നതെന്നും” പ്രധാനമന്ത്രി പറഞ്ഞിരുന്നു.
Discussion about this post