തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പ്രചാരണം ഇന്ന് അവസാനിക്കും. ഞായറാഴ്ച നിശ്ശബ്ദ പ്രചാരണം. തിങ്കളാഴ്ച രാവിലെ ഏഴുമുതല്‍ വൈകുന്നേരം അഞ്ചുവരെയാണ് ആദ്യഘട്ട വോട്ടെടുപ്പ്. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളാണ് തിങ്കളാഴ്ച വിധിയെഴുത്ത്.
മറ്റു ജില്ലകളില്‍ നവംബര്‍ അഞ്ചിനും. ഏഴിനാണ് വോട്ടെണ്ണല്‍. ആദ്യഘട്ടത്തില്‍ 9220 വാര്‍ഡുകളുടെ വിധിയാണ് എഴുതപ്പെടുക. 31161 സ്ഥാനാര്‍ഥികളാണ് ഈ ഏഴു ജില്ലകളില്‍ മത്സരിക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ നഗരസഭയൊഴികെ 1119 തദ്ദേശ സ്ഥാപനങ്ങളിലെ 21,871 തദ്ദേശ വാര്‍ഡുകളാണ് സംസ്ഥാനത്തുള്ളത്. മുക്കാല്‍ ലക്ഷം സ്ഥാനാര്‍ഥികളാണ് മത്സരരംഗത്ത്. ആകെ 11,111,006 പേര്‍ക്കാണ് ഈ ഘട്ടത്തില്‍ വോട്ടവകാശം.
വിജയം അനുകൂലമാക്കാന്‍ സര്‍വതന്ത്രങ്ങളും പയറ്റുകയാണ് സ്ഥാനാര്‍ഥികളും മുന്നണികളും. ഇരുമുന്നണികളിലെയും ബി.ജെ.പിയിലെയും നേതാക്കളെല്ലാം സംസ്ഥാനമാകെ പ്രചാരണത്തിനത്തെി. കേരള ഹൗസിലെ ബീഫ് റെയ്ഡാണ് അവസാനം പ്രചാരണത്തില്‍ തിളച്ചത്. ബാര്‍ കോഴക്കേസില്‍ മന്ത്രി കെ.എം. മാണിക്കെതിരെ വിജിലന്‍സ് കോടതിവിധി വന്നതോടെ അതും ഇടതുപക്ഷം ഉപയോഗിച്ചു.
Discussion about this post