പുൽവാമ ആക്രമണത്തിൽ വീരമൃത്യു വരിച്ച ധീരജവാന്മാരുടെ ഭൗതികദേഹങ്ങൾക്ക് മുന്നിൽ വേദനയോടെ, ഒപ്പം നിശ്ചയദാർഢ്യത്തോടെ അന്ത്യപ്രണാമം ചെയ്ത് നിൽക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി. നാലുവർഷം മുൻപത്തെ ആ ദൃശ്യം നാം ഇപ്പോഴും ഓർക്കുന്നുണ്ടാകും. അന്ന് ഓരോ ഭാരതീയനും അതിനി നരേന്ദ്രമോദിയുടെ രാഷ്ട്രീയം പിന്തുടരാത്തവരാണെങ്കിൽ പോലും ഉറപ്പിച്ചിരുന്നു. രാജ്യം ഇതിന് കണക്ക് ചോദിക്കുമെന്ന്.
വിരലിലെണ്ണാൻ കഴിയുന്ന ദിവസങ്ങൾക്കുള്ളിൽ ഭാരതം കണക്കു തീർത്തു. ജെയ്ഷെ മുഹമ്മദിന്റെ ബാലാകോട്ടിലെ ഭീകര കേന്ദ്രത്തിൽ ഇന്ത്യൻ വ്യോമസേനയുടെ മിറാഷ് തീമഴ പെയ്യിച്ചു. ആക്രമണമുണ്ടായാൽ പ്രതിരോധിക്കാൻ സുഖോയും മിഗ്ഗും അതിർത്തിക്കിപ്പുറത്ത് കാവൽ നിന്നു. എന്തിനും തയ്യാറായി സ്പെഷ്യൽ ഫോഴ്സും സജ്ജമായി. ഇരുനൂറിലധികം ഭീകരരെ ഒറ്റയടിക്ക് കാലപുരിക്കയച്ചാണ് ഭാരതം അതിന്റെ വീരപുത്രന്മാർക്ക് വേണ്ടി കണക്ക് തീർത്തത്.
1971 ലെ ഇന്ത്യ- പാക് യുദ്ധത്തിനു ശേഷം ആദ്യമായാണ് ഇന്ത്യയുടെ പോർ വിമാനങ്ങൾ പാക് അതിർത്തി കടന്നത്. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ആസൂത്രണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പൂർണ അനുമതിയോടെയായിരുന്നു പ്രത്യാക്രമണം. തുടർന്ന് ഇന്ത്യൻ അതിർത്തിയിലേക്ക് പറന്ന പാക് വ്യോമസേന വിമാനത്തെ വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാൻ വെടിവെച്ചിട്ടു. എന്നാൽ സ്വന്തം വിമാനം തകർന്ന് അഭിനന്ദൻ പാക് സൈന്യത്തിന്റെ പിടിയിലായി. ഒരു പോറൽ പോലുമേൽക്കാതെ പാകിസ്താൻ അഭിനന്ദനെ തിരിച്ചു നൽകിയതും ചരിത്രമാണ്. കരുത്തുറ്റ രാജ്യത്തിന്റെ അഭിമാനകരമായ ചരിത്രം.
പുൽവാമ ആക്രമണം നടത്തിയ ഭീകരരേയും ഇന്ത്യ വെറുതെ വിട്ടില്ല. ആക്രമണത്തിന് ചുക്കാൻ പിടിച്ച 19 ഭീകരരിൽ 8 പേരെ ഇന്ത്യൻ സൈന്യം വകവരുത്തി. ഏഴു പേർ ജയിലിലായി. നാലു പേർ പാകിസ്താനിൽ ഒളിവിലായതു കൊണ്ടു മാത്രം രക്ഷപ്പെട്ടു. ജെയ്ഷെ മുഹമ്മദ് ചീഫ് മസൂദ് അസർ ഉൾപ്പെടെയുള്ള നാലു ഭീകരരാണ് ഈ കേസിൽ ബാക്കിയുള്ളത്.നിലവിൽ 37 ഭീകരരാണ് ജമ്മു കശ്മീരിൽ ഭീകരപ്രവർത്തനം നടത്താൻ ബാക്കിയുള്ളതെന്ന് കശ്മീർ സോൺ എഡിജിപി വിജയ് കുമാർ പറയുന്നു. താമസിയാതെ സൈന്യം ഇവരെ വധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
എന്തായാലും പഴയതുപോലെ ഇന്ത്യയിൽ ഒരു ആക്രമണം നടത്തി സമാധാനമായി ഇരിക്കാൻ കഴിയുമെന്ന് പാകിസ്താനും ഭീകരരും കരുതുന്നില്ല. കഴിഞ്ഞ കുറെ വർഷങ്ങളായി ഇന്ത്യ ആർജ്ജിച്ച കരുത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഫലമാണിത്. ഒരു സൂപ്പർ ഹിറ്റ് സിനിമയിൽ പറഞ്ഞതു പോലെ. ഇത് പുതിയ ഇന്ത്യയാണ്. എതിരാളിയുടെ വീട്ടിൽ കയറുക മാത്രമല്ല.. കൊല്ലുകയും ചെയ്യും.
Discussion about this post