ചെന്നൈ: ഡിഎംകെ കൗൺസിലറും കൂട്ടാളികളും ചേർന്ന് സൈനികനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഡിഎംകെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ. ഡിഎംകെയ്ക്ക് സൈനികരോട് ബഹുമാനമില്ലെന്നും സംസ്ഥാനത്ത് ക്രമസമാധാനം നിലനിർത്താൻ സർക്കാരിന് കഴിയുന്നില്ലെന്നും അണ്ണാമലൈ വിമർശിച്ചു. ഇന്ന് തമിഴ്നാട്ടിൽ ബിജെപി വൻ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
” ജനങ്ങൾ അറിയേണ്ട ഒരു വാർത്തയാണിത്. അവധിക്ക് നാട്ടിൽ എത്തിയ സൈനിക ഉദ്യോഗസ്ഥനെ ഒരു ചെറിയ പ്രശ്നത്തിന്റെ പേരിലാണ് ഡിഎംകെ പ്രവർത്തകർ മർദ്ദിച്ചത്. ഡിഎംകെ കൗൺസിലറും കൂട്ടാളികളും സൈനികന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറുകയും മർദ്ദിക്കുകയുമായിരുന്നു. തമിഴ്നാട്ടിൽ ഇത് ആദ്യത്തെ സംഭവമല്ല. തന്റെ അച്ഛനേയും അമ്മയേയും വീട്ടിൽ കയറി ചിലർ ഭീഷണിപ്പെടുത്തുകയാണെന്ന് ഒരു സിആർപിഎഫ് ഉദ്യോഗസ്ഥൻ പറഞ്ഞിരുന്നു. ഈ രാജ്യത്തെ പ്രതിനിധീകരിക്കുന്നവരാണ് സൈനികർ. അവർ രാജ്യത്തിന് വേണ്ടിയാണ് പോരാടുന്നത്. പക്ഷേ തമിഴ്നാട്ടിൽ അവർ ക്രൂരമായി ആക്രമിക്കപ്പെടുകയാണ്. സൈനികരെ ബഹുമാനിക്കാൻ ഈ സർക്കാരിനറിയില്ല. ഇത് കാലങ്ങളായുള്ള പ്രശ്നമാണെന്നും” അണ്ണാമലൈ പറഞ്ഞു.
സൈനികനായ പ്രഭാകരനാണ് ഡിഎംകെ കൗൺസിലർ ചിന്നസ്വാമിയുടേയും കൂട്ടാളികളുടേയും ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്. പ്രഭാകരനേയും സഹോദരൻ പ്രഭുവാനേയുമാണ് ഇവർ ഉപദ്രവിച്ചത്. പ്രദേശത്ത് വെള്ളം ഉപയോഗിക്കുന്നതിന്റെ പേരിലായിരുന്നു തർക്കം. അവശനിലയിലായ പ്രഭാകരനേയും പ്രഭുവിനേയും ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും, പ്രഭാകരൻ ഇന്നലെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ആക്രമണത്തിന് പിന്നാലെ ഒളിവിൽ പോയ ചിന്നസ്വാമിയെ ഇന്നലെ രാത്രി പോലീസ് അറസ്റ്റ് ചെയ്തു.
Discussion about this post