കൊൽക്കത്ത: ബംഗാളിനെ ഒൻപത് വിക്കറ്റിന് തകർത്ത് രണ്ടാം രഞ്ജി ട്രോഫി കിരീടം സ്വന്തമാക്കി സൗരാഷ്ട്ര. ക്യാപ്ടൻ ജയദേവ് ഉനദ്കട്ടിന്റെ തകർപ്പൻ പേസ് ആക്രമണമാണ് സൗരാഷ്ട്രക്ക് കിരീടം നേടി കൊടുത്തത്.
ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത സൗരാഷ്ട്ര, ബംഗാളിനെ ഒന്നാം ഇന്നിംഗ്സിൽ 174 റൺസിന് പുറത്താക്കി. 3 വിക്കറ്റുകൾ വീതം വീഴ്ത്തിയ ഉനദ്കട്ടും ചേതൻ സകാരിയയും ചേർന്നാണ് ബംഗാളിനെ ചെറിയ ടോട്ടലിൽ ഒതുക്കിയത്. ഷഹബാസ് അഹമ്മദ് നേടിയ 69 റൺസും അഭിഷേക് പോറെൽ നേടിയ 50 റൺസുമാണ് ബംഗാളിനെ 150 കടത്തിയത്.
മറുപടി ബാറ്റിംഗിൽ സൗരാഷ്ട്ര 404 റൺസ് നേടി. അർപ്പിത് വാസവദ (81), ചിരാഗ് ജാനി (60), ഷെൽഡൻ ജാക്സൺ (59), ഹാർവിക് ദേശായി (50) എന്നിവരാണ് സൗരാഷ്ട്രയുടെ പ്രധാന സ്കോറർമാർ. ബംഗാളിന് വേണ്ടി മുകേഷ് കുമാർ നാലും ആകാശ് ദീപും ഇഷാൻ പോറെലും 3 വീതം വിക്കറ്റുകളും വീഴ്ത്തി.
രണ്ടാം ഇന്നിംഗ്സിൽ ബംഗാൾ ചെറുത്ത് നിൽക്കാൻ ശ്രമിച്ചുവെങ്കിലും 241 റൺസിന് പുറത്തായി. ബംഗാളിന് വേണ്ടി ക്യാപ്ടൻ മനോജ് തിവാരി 68 റൺസും അനുഷ്ടുപ് മജുംദാർ 61 റൺസും നേടി. 6 വിക്കറ്റ് പ്രകടനവുമായി മുന്നിൽ നിന്ന് നയിച്ച ഉനദ്കട്ട് ആണ് രണ്ടാം ഇന്നിംഗ്സിൽ ബംഗാളിനെ തകർത്തത്. ചേതൻ സകാരിയ 3 വിക്കറ്റ് വീഴ്ത്തി. മത്സരത്തിൽ ഉനദ്കട്ട് ആകെ 9 ബംഗാൾ വിക്കറ്റുകൾ പിഴുതു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഉനദ്കട്ടിന്റെ ഇരുപത്തി രണ്ടാം 5 വിക്കറ്റ് പ്രകടനമാണ് ഇത്.
ബംഗാൾ ഉയർത്തിയ 12 റൺസ് എന്ന നിസ്സാര വിജയ ലക്ഷ്യം ഒരു വിക്കറ്റ് നഷ്ടത്തിൽ മൂന്നാം ഓവറിൽ സൗരാഷ്ട്ര മറികടന്നു.
Discussion about this post