ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് ദോഹയിലേക്ക് പോവുകയായിരുന്ന ഇൻഡിഗോ വിമാനത്തിന് പാകിസ്താനിലെ കറാച്ചിയിലുള്ള ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ്. യാത്രക്കാരിലൊരാൾ മരിച്ചതിനെ തുടർന്നാണ് പൈലറ്റ് കറാച്ചിയിൽ വിമാനം ഇറക്കിയതെന്നാണ് റിപ്പോർട്ട്. ഇന്നലെ വൈകിട്ടോടെയാണ് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വിമാനം യാത്ര തിരിക്കുന്നത്. രാത്രിയോടെ ദോഹയിലെ ഹമദ് വിമാനത്താവളത്തിൽ വിമാനം ഇറങ്ങേണ്ടതായിരുന്നു.
എന്നാൽ വഴിമദ്ധ്യേ യാത്രക്കാരിലൊരാൾ കടുത്ത ശാരീരിക ബുദ്ധിമുട്ടുകൾ കാണിച്ചതോടെയാണ് കറാച്ചിയിൽ വിമാനം ഇറക്കിയത്. അടിയന്തര ലാൻഡിംഗിന് അനുമതി തേടിയതിന് ശേഷമാണ് വിമാനം ഇറക്കിയത്. ആംബുലൻസ് ഉൾപ്പെടെയുള്ള സേവനങ്ങളും ഇവിടെ സജ്ജീകരിച്ചിരുന്നു. എന്നാൽ വിമാനം ഇറങ്ങിയപ്പോഴേക്കും യാത്രക്കാരന്റെ മരണം സംഭവിച്ചിരുന്നു. നൈജീരിയൻ സ്വദേശിയായ അബ്ദുള്ള(60) എന്നയാളാണ് മരിച്ചത്.
വിമാനത്തിലുള്ള മറ്റ് യാത്രക്കാരെ മാറ്റുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തിവരികയാണെന്ന് ഇൻഡിഗോ പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു. അദ്ദേഹത്തിനായി പ്രാർത്ഥിക്കുന്നുവെന്നും, കുടുംബത്തിനെ അനുശോചനം അറിയിക്കുന്നുവെന്നും ഇൻഡിഗോ വ്യക്തമാക്കി. വിമാനം ഇപ്പോഴും കറാച്ചിയിൽ തുടരുന്നതായാണ് വിവരം.
Discussion about this post