ന്യൂഡൽഹി: പാകിസ്താൻ സർക്കാരിന്റെ ട്വിറ്റർ അക്കൗണ്ട് തടഞ്ഞുവെച്ച് ഇന്ത്യ. പാക് സർക്കാരിന്റെ ട്വിറ്റർ അക്കൗണ്ട് ഉപയോഗിക്കാൻ ശ്രമിക്കുന്നവർക്ക് Account Withheld (അക്കൗണ്ട് തടഞ്ഞുവെച്ചിരിക്കുന്നു) എന്ന വിവരമാണ് ലഭിക്കുന്നത്. നിയമപരമായ കാരണങ്ങളാലാണ് അക്കൗണ്ട് തടഞ്ഞുവെച്ചിരിക്കുന്നത് എന്നാണ് വിവരം.
പാകിസ്താൻ സർക്കാരിന്റെ ട്വിറ്റർ അക്കൗണ്ട് ഇത് മൂന്നാം തവണയാണ് ഇന്ത്യയിൽ തടഞ്ഞുവെക്കുന്നത്. അക്കൗണ്ട് തടഞ്ഞു വെച്ചതിന്റെ യഥാർത്ഥ കാരണം വ്യക്തമല്ല. കോടതി ഉത്തരവ് പോലെ നിയമപരമായ കാരണങ്ങളാൽ ഇത്തരം നടപടികൾ സാധാരണയാണ്.
നേരത്തേ ജൂലൈയിലും ഒക്ടോബറിലുമാണ് പാകിസ്താൻ സർക്കാരിന്റെ ട്വിറ്റർ അക്കൗണ്ട് ഇന്ത്യയിൽ തടഞ്ഞുവെച്ചിരുന്നത്. കഴിഞ്ഞ ജൂൺ മാസത്തിൽ, ഐക്യരാഷ്ട്ര സഭയിലെയും തുർക്കിയിലെയും ഇറാനിലെയും ഈജിപ്തിലെയും പാക് എംബസികളുടെ ഔദ്യോഗിക അക്കൗണ്ടുകൾക്ക് ഇന്ത്യയിൽ ട്വിറ്റർ വിലക്ക് ഏർപ്പെടുത്തിയിരുന്നു.
ഇന്ത്യക്കെതിരെ വ്യാജവാർത്ത പ്രചരിപ്പിച്ചതിന് ഒരു പാകിസ്താൻ ചാനൽ ഉൾപ്പെടെ എട്ട് യൂട്യൂബ് ചാനലുകൾക്കും ഒരു ഫേസ്ബുക്ക് അക്കൗണ്ടിനും കഴിഞ്ഞ ഓഗസ്റ്റിൽ ഇന്ത്യ വിലക്ക് ഏർപ്പെടുത്തിയിരുന്നു. 2021ലെ ഐടി നിയമത്തിലെ അടിയന്തിര അധികാരങ്ങൾ ഉപയോഗിച്ചായിരുന്നു നടപടിയെന്ന് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
Discussion about this post