ലഖ്നൗ: ഉത്തർ പ്രദേശിൽ വികസനപ്പെരുമഴയുമായി യോഗി സർക്കാർ. ജേവാർ വിമാനത്താവളത്തിന് പുറമെ നോയിഡയിൽ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കുന്നതിനും അനുമതി ലഭിച്ചു. ഉത്തർ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ ഇക്കാര്യം സ്ഥിരീകരിച്ചു.
നോയിഡ സെക്ടർ 150ലാണ് സ്റ്റേഡിയം നിർമ്മിക്കുന്നത്. നോയിഡ- ഗ്രേറ്റർ നോയിഡ എക്സ്പ്രസ് പാതക്ക് സമീപം നിർമ്മാണം ആരംഭിക്കാൻ പോകുന്ന സ്പോർട്സ് സിറ്റിയിലായിരിക്കും സ്റ്റേഡിയം നിർമ്മിക്കുക. മുപ്പത്തയ്യായിരം കാണികൾക്ക് ഒരേ സമയം മത്സരം കാണാൻ പറ്റുന്ന തരത്തിലായിരിക്കും സ്റ്റേഡിയത്തിന്റെ നിർമ്മാണം.
നിലവിൽ ഉത്തർ പ്രദേശിൽ രണ്ട് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയങ്ങളാണ് ഉള്ളത്. കാൺപൂരിലും ലഖ്നൗവിലുമാണ് ഇവ. വാരാണസിയിലെയും ഗാസിയാബാദിലെയും സ്റ്റേഡിയങ്ങളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. ഇവയ്ക്ക് പുറമെയാണ് അഞ്ചാമത് സ്റ്റേഡിയം നോയിഡയിൽ നിർമ്മിക്കുന്നത്.
ക്രിക്കറ്റ് സ്റ്റേഡിയത്തിന് പുറമേ ടെന്നീസ് കോർട്ട്, ഗോൾഫ് കോഴ്സ് എന്നിവയും നിർദ്ദിഷ്ട സ്പോർട്സ് സിറ്റിയിൽ നിർമ്മിക്കും. ഇതിനായി ടാറ്റ, ഗോദറേജ്, ബിർള, ഹീറോ ഗ്രൂപ്പ്, പ്രസ്റ്റീജ്, എൽഡെകോ എന്നിവർ സഹകരണ സന്നദ്ധത അറിയിച്ചതായി അധികൃതർ വ്യക്തമാക്കുന്നു.
Discussion about this post