തിരുവനന്തപുരം: അത്യപൂർവ്വ ശസ്ത്രക്രിയയ്ക്ക് സാക്ഷിയായി തിരുവനന്തപുരം മെഡിക്കൽ കോളേജ്. വായ്ക്കുള്ളിലെ തൊലി കൊണ്ട് കൃത്രിമമായി മൂത്രനാളി സൃഷ്ടിച്ച് ശസ്ത്രക്രിയ നടത്തുകയായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗം യൂണിറ്റ് മേധാവി ഡോ. പി ആർ സാജുവിന്റെ നേതൃത്വത്തിലാണ് ഈ താക്കോൽദ്വാര ശസ്ത്രക്രിയ നടന്നത്.
കാട്ടാക്കട സ്വദേശിയായ 32 വയസുകാരിക്കാണ് ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചത്. വിദേശത്തെയും ഇന്ത്യയിലെയും ചുരുക്കം ചില വലിയ ആശുപത്രികളിൽ മാത്രം നടന്നിട്ടുള്ള ശസ്ത്രക്രിയ സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ ആദ്യമാണ്.
മൂത്രനാളിയിലെ പ്രശ്നവുമായി ബന്ധപ്പെട്ട് 2013 ൽ യുവതിയ്ക്ക് ഒരു ശസ്ത്രക്രിയ നടത്തിയിരുന്നു. എന്നാൽ അസുഖത്തിന് ശമനമുണ്ടായില്ല.ഇതേ തുടർന്ന് 2019 ൽ മൂത്രനാളിയിൽ സ്റ്റെന്റ് സ്ഥാപിച്ചുവെങ്കിലും കാര്യമായ പ്രയോജനവുമുണ്ടായില്ല. വലത്തെ വൃക്കയുടെ പ്രവർത്തനവും കുറഞ്ഞു വന്നു.
തുടർന്നാണ് ആശുപത്രിയിൽ നൂതന സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ച് മൂത്രനാളി കൃത്രിമമായി സൃഷ്ടിക്കാൻ ഡോക്ടർമാർ തീരുമാനിച്ചത്. താക്കോൽ ദ്വാര ശസ്ത്രക്രിയയിലൂടെ രോഗിയുടെ മൂത്രനാളിയിലെ അടഞ്ഞ ഭാഗം മുറിച്ചു നീക്കിയ ശേഷം
ബക്കൽ മുകോസാ എന്നറിയപ്പെടുന്ന വായ്ക്കുള്ളിലെ തൊലി ഉപയോഗിച്ച് നിർമ്മിച്ച പുതിയ മൂത്രനാളി വിജയകരമായി വച്ചുപിടിപ്പിക്കുകയായിരുന്നു.ഏതാണ്ട് നാലു മണിക്കൂർ സമയം മാത്രമാണ് ഈ ശസ്ത്രകിയയ്ക്കായി ചെലവഴിച്ചത്. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരുന്ന രോഗിയുടെ വൃക്കയും സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ട്.
Discussion about this post