ലക്നൗ: രാമചരിതത്തെ അവഹേളിച്ചതുമായി ബന്ധപ്പെട്ട കേസിൽ സമാജ്വാദി പാർട്ടി നേതാവ് സ്വാമി പ്രസാദ് മൗര്യയ്ക്കെതിരെ കുറ്റപത്രം സമർപ്പിച്ച് പോലീസ്. കർശനവകുപ്പുകൾ ചുമത്തി ഹസ്രത്ഗഞ്ച് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്.
ഹസ്രത്ഗഞ്ച് പോലീസാണ് വിവാദ പരാമർശത്തിൽ കേസ് എടുത്തിട്ടുള്ളത്. കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ മൗര്യയ്ക്കെതിരായ വിചാരണ നടപടികൾ ഉടൻ ആരംഭിക്കും. ഏഴ് വർഷംവരെ തടവ് ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയാണ് മൗര്യയ്ക്കെതിരായ കുറ്റപത്രം എന്നാണ് റിപ്പോർട്ടുകൾ. മൂന്ന് മാസങ്ങൾക്ക് മുൻപാണ് സംഭവവുമായി ബന്ധപ്പെട്ട് സ്വാമി പ്രസാദ് മൗര്യയെ അറസ്റ്റ് ചെയ്തത്.
രാജ്യത്തെ കോടിക്കണക്കിന് ആളുകൾ രാമചരിതം വായിച്ചിട്ടില്ലെന്നും വായിക്കരുതെന്നുമായിരുന്നു സ്വാമി പ്രസാദ് മൗര്യയുടെ പ്രസ്താവന. ഹിന്ദു മത ഗ്രന്ഥമായ രാമചരിതത്തിൽ മുഴുവൻ മോശം പരാമർശമാണ്. അതിനാൽ ഗ്രന്ഥം സർക്കാർ നിരോധിക്കണം. തുളസീദാസ് സ്വന്തം സന്തോഷത്തിന് വേണ്ടിയാണ് ഈ ഗ്രന്ഥം എഴുതിയതെന്നും പറഞ്ഞിരുന്നു.
സംഭവത്തിൽ ഹിന്ദു സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ഇതേ തുടർന്നായിരുന്നു പോലീസ് കേസ് എടുത്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 295എ, 298, 504, 153 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരുന്നത്.
Discussion about this post