കൊല്ലം: കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവാവിന്റെ അതിക്രമം. ഡോക്ടറും പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടെ അഞ്ച് പേരെ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു. പൂയപ്പള്ളി സ്വദേശി സന്ദീപ് ആണ് ആക്രമണം നടത്തിയത്. ഇന്ന് രാവിലെ അഞ്ച് മണിയോട് കൂടിയാണ് സംഭവം ഉണ്ടായത്.
വീട്ടിൽ വലിയ പ്രശ്നങ്ങളും അതിക്രമവും ഉണ്ടാക്കിയതിന്റെ പേരിലാണ് സന്ദീപിനെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചത്. ഇയാൾ ലഹരിക്ക് അടിമയാണെന്നാണ് പറയുന്നത്. മനോവിഭ്രാന്തി ഉള്ളത് പോലെയായിരുന്നു ഇയാളുടെ പെരുമാറ്റം. ചികിത്സയ്ക്ക് വേണ്ടിയാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്.
ഇവിടെ വച്ചാണ് യുവാവ് കത്രികയെടുത്ത് അതിക്രമം കാട്ടിയത്. ഡോക്ടറും പോലീസുകാരനും ഉൾപ്പെടെ അഞ്ച് പേർക്കാണ് കുത്തേറ്റത്. സാരമായി പരിക്കേറ്റ വനിതാ ഡോക്ടറായ വന്ദനയുടെ നില ഗുരുതരമാണ്. ഡോക്ടറുടെ പുറത്തും കഴുത്തിലുമാണ് കുത്തേറ്റത്. ഇവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മറ്റാരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ആക്രമണം നടത്തിയതിന് പിന്നാലെ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഒരു മാസം മുൻപ് സമാനമായ രീതിയിൽ കായംകുളത്തും ഡോക്ടർമാർക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു. തുടർച്ചയായുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഡോക്ടർമാർ വലിയ രീതിയിൽ പ്രതിഷേധം ഉയർത്തുന്നുണ്ട്. തൊഴിലിടങ്ങളിൽ തങ്ങൾക്ക് കൃത്യമായ സുരക്ഷ ലഭിക്കുന്നില്ലെന്ന പരാതിയാണ് ഇവർ ഉന്നയിക്കുന്നത്. ഡോക്ടർമാരുടെ സംഘടന ഇന്ന് പ്രതിഷേധ പ്രകടനം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
Discussion about this post