ഭോപ്പാൽ: മദ്ധ്യപ്രദേശിൽ ഹിന്ദു പെൺകുട്ടികളെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമിച്ച കേസിൽ പ്രധാനിയുൾപ്പെടെ അഞ്ച് പേർ കൂടി അറസ്റ്റിൽ. കാമനി സ്വദേശിനി മോണിക വിജയ് (70), പിപ്പരിയ ഷാഹ്ദോൾ സ്വദേശി തനുറാം യാദവ് (49), ചാമ്പ സ്വദേശി ജൊഹാൻ ഉരവ് (43) എന്നിവരും മറ്റ് രണ്ട് പേരുമാണ് അറസ്റ്റിലായിട്ടുള്ളത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 10 ആയി.
ഹിന്ദു പെൺകുട്ടികളെ ക്രിസ്തു മതത്തിലേക്ക് നിർബന്ധിത പരിവർത്തനം നടത്താൻ ശ്രമിച്ചെന്ന പരാതിയിൽ 12 പേർക്കെതിരെയാണ് പോലീസ് കേസ് എടുത്തിരുന്നത്. ഇനി രണ്ട് പേർ കൂടി അറസ്റ്റിലാകാനുണ്ട്. ഇവർക്കായി ഊർജ്ജിത അന്വേഷണം തുടരുകയാണ്. അറസ്റ്റിലായ 10 പേരെയും പോലീസ് കോടതിയിൽ ഹാജരാക്കി. നിലവിൽ ഇവർ റിമാൻഡിലാണ്. ബജ്രംഗ്ദളിന്റെ പരാതിയിലാണ് പോലീസ് ഇവർക്കെതിരെ കേസ് എടുത്തത്.
ശനിയാഴ്ചയായിരുന്നു സംഭവം. ഷഹ്ദോളിലെ 18ാം വാർഡിലുള്ള മോണികയുടെ വീട്ടിൽ ഹിന്ദു പെൺകുട്ടികൾ കൂട്ടത്തോടെ എത്തിയിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ ബജ്രംഗ്ദൾ പ്രവർത്തകർ അന്വേഷിച്ചിറങ്ങുകയായിരുന്നു. ഇതോടെ നിർബന്ധിത പരിവർത്തനത്തിനായി ഒത്തു കൂടിയവരാണെന്ന് വ്യക്തമായി. ഇതിന് പിന്നാലെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
പോലീസ് എത്തി വീട്ടിൽ പരിശോധന നടത്തുകയും ചോദ്യം ചെയ്യുകയും ചെയ്തു. വിവരം വസ്തുതയാണെന്ന് വ്യക്തമായതോടെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ഇവരുടെ വീട്ടിൽ നിന്നും 100 പെട്ടി മതഗ്രന്ഥങ്ങൾ പോലീസ് പിടിച്ചെടുത്തിരുന്നു.
Discussion about this post