കൊച്ചി: 2018 സിനിമ നൂറ് കോടി ക്ലബ്ബിൽ ഇടം പിടിച്ചിരിക്കുകയാണ്. മാമാങ്കത്തിലൂടെ നിർമ്മാതാവായി എത്തിയ വേണു കുന്നപ്പിള്ളിയാണ് ഈ സിനിമയുടെയും നിർമ്മാതാവ്. മമ്മൂട്ടി നായകനായി എത്തിയ ചിത്രം ആണ് മാമാങ്കം. പതിനെട്ടാം നൂറ്റാണ്ടിൽ തിരുനാവായ മണപ്പുറത്തെ ചോരക്കളമാക്കിയ ചാവേറുകളുടെ പോരാട്ടവീര്യത്തിൻറെ കഥയാണ് ചിത്രം പറഞ്ഞത്.
ബോക്സ് ഓഫീസിൽ വിജയം കൈവരിച്ച ചിത്രത്തിന് പക്ഷേ നിരവധി ട്രോളുകൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. മാമാങ്കം ഒരിക്കലും ഒരു വിജയ ചിത്രമായി ആളുകൾ കണക്കാക്കിയിട്ടില്ലെന്ന് പറയുകയാണ് ചിത്രത്തിന്റെ നിർമാതാവ് വേണു കുന്നപ്പിള്ളി.
ഇപ്പോഴും മാമാങ്കവുമായി ബന്ധപ്പെട്ട് എയറിലാണ്. തൃശൂരിൽ ബസ് സ്റ്റാഡിൽ എന്നെ പുസ്തക കച്ചവടക്കാരുടെ കൂടെ കണ്ടിട്ടുണ്ടെന്ന് ചിലർ പറഞ്ഞിട്ടുണ്ട്. ലണ്ടലിനെ എൻറെ ഷോപ്പിൽ നിന്നെടുത്ത സെൽഫി ഞാൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തപ്പോൾ എല്ലാം നഷ്ടപ്പെട്ട് ഇപ്പോൾ ഷോപ്പിൽ ജോലി ചെയ്യുന്നു എന്ന് ആളുകൾ പറഞ്ഞിട്ടുണ്ടെന്നും നിർമാതാവ് പറയുന്നു.
ഏത് ബിസിനസിൽ ആയാലും ആദ്യം വരുമ്പോഴുള്ള പരിചക്കുറവ് അന്നെനിക്ക് ഉണ്ടായിരുന്നു എന്നുള്ളത് വാസ്തവമാണ്. അത് മൂടിവച്ചിട്ടൊന്നും കാര്യമില്ല. എങ്കിലും പല സാഹചര്യത്തിലും നിന്ന് പോകേണ്ടിയിരുന്ന ഒരു പ്രോജക്ട് ഞാൻ തിയറ്ററിൽ എത്തിച്ചു. ഒരു ബിസിനസ് സറ്റാർട്ട് ചെയ്തുവച്ചിട്ട് ഇടയ്ക്ക് വച്ച് നിർത്തി പോകുന്നതാണ് ഏറ്റവും വലിയ പരാജയം. അതിന്റെ നഷ്ടവും ലാഭവും എനിക്ക് മാത്രം അറിയാവുന്ന കാര്യമാണ്. ഞാൻ എത്രയാണ് ആ സിനിമയിൽ മുടക്കിയിരിക്കുന്നതെന്നും എത്ര ബിസിനസ് നടന്നെന്നും തീയറ്ററിൽ നിന്നെത്ര കളക്ഷൻ കിട്ടിയെന്നും എനിക്ക് മാത്രമേ അറിയൂ. എനിക്കതിൽ വേറെ പാർടേഴ്സ് ഒന്നും ഇല്ലായിരുന്നുവെന്നായിരുന്നു നിർമ്മാതാവിന്റെ പ്രതികരണം.
‘മാമാങ്കം’ സിനിമയുടെ സമയത്തു വലിയ പരിചയമില്ലാതിരുന്നതുകൊണ്ട് എല്ലാവരും ചെയ്യുന്നതുപോലെ ‘സിനിമ നൂറുകോടി ക്ലബ്ബിൽ’ എന്നെല്ലാം പരസ്യം കൊടുത്തിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഇപ്പോൾ കാര്യങ്ങൾ നന്നായി അറിയാം. അതുകൊണ്ട് അൻപതു കോടി, നൂറ് കോടി എന്നൊന്നും പോസ്റ്റർ ചെയ്യില്ല. നൂറു കോടിയിൽ കേരള മാർക്കറ്റിൽനിന്ന് എത്ര കോടി, കേരളത്തിനു പുറത്തുനിന്ന് എത്ര, ജിസിസിയിൽനിന്ന് എത്ര, ഔട്ട്സൈഡ് ജിസിസി എത്ര ഇങ്ങനെ വിശദമായി പറയാൻ പറ്റുമ്പോൾ മാത്രമാണ് അത് സത്യസന്ധമാകൂ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post