ന്യൂഡൽഹി : സമൂഹത്തിൽ നിന്ന് അടിമത്ത ചിന്താഗതി തുടച്ചുനീക്കിയ വ്യക്തിയാണ് ഛത്രപതി ശിവാജി മഹാരാജ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്ന കാഴ്ചപ്പാടിന് പ്രചോദനം നൽകിയത് അദ്ദേഹത്തിന്റെ ചിന്തകളാണ്. ധീരതയുടെയും ശൗര്യത്തിന്റെയും പ്രതീകമാണ് ശിവാജിയെന്നും അദ്ദേഹം പറഞ്ഞു. ശിവാജി മഹാരാജിന്റെ 350-ാം കിരീടധാരണ വാർഷികത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി .
ഛത്രപതി ശിവാജി മഹാരാജ് ഇന്നും നമുക്ക് പ്രചോദനം നൽകുന്നുണ്ട്. ധീരതയുടെ പ്രതീകമായിരുന്നു അദ്ദേഹം. അടിമത്തം എന്ന ചിന്താഗതിയെ അദ്ദേഹം സമൂഹത്തിൽ നിന്ന് തുടച്ചുനീക്കി. മികച്ച സൈനികനും ശ്രേഷ്ഠനായയ ഭരണാധികാരിയുമായിരുന്ന അദ്ദേഹത്തിന്റെ ചിന്തകളുടെ പ്രതിഫലനം ”ഏക ഭാരതം ശ്രേഷ്ഠ ഭാരതം” എന്നതിൽ കാണാനാകും.
മഹാരാഷ്ട്രയിലുടനീളം ഈ ദിവസം ഒരു ഉത്സവം പോലെയാണ് ആഘോഷിക്കുന്നത്. ശിവാജിയുടെ കിരീടധാരണം ആഹ്ലാദത്തോടെയും സ്വരാജ് മുദ്രാവാക്യങ്ങളോടെയുമാണ് നടന്നത്. ഇത് ജനങ്ങളിൽപുതിയ അവബോധവും പുതിയ ഊർജ്ജവും കൊണ്ടുവന്നു,’ പ്രധാനമന്ത്രി പറഞ്ഞു.
ശിവാജിയുടെ കിരീടധാരണം ആ കാലഘട്ടത്തിലെ സവിശേഷമായ ഒരു ആഘോഷമായിരുന്നു. ദേശീയ ക്ഷേമവും പൊതുജനക്ഷേമവുമായിരുന്നു അദ്ദേഹത്തിന്റെ ഭരണത്തിന്റെ അടിസ്ഥാന ഘടകങ്ങൾ. ശിവാജി മഹാരാജിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഇന്ത്യൻ നാവികസേനയെ അടിമത്തത്തിൽ നിന്ന് മോചിപ്പിച്ചതായും ബ്രിട്ടീഷ് ഭരണത്തിന്റെ അവശേഷിപ്പുകൾ മാറ്റി ശിവാജിയുടെ രാജമുദ്ര പതിപ്പിച്ചതായും പ്രധാനമന്ത്രി പറഞ്ഞു
നൂറുകണക്കിന് വർഷത്തെ അടിമത്തം നമ്മുടെ നാട്ടുകാരുടെ ആത്മാഭിമാനവും ആത്മവിശ്വാസവും കവർന്നെടുത്തു. അക്കാലത്ത് ആളുകളിൽ ആത്മവിശ്വാസം വളർത്തുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. പക്ഷേ, ഛത്രപതി ശിവാജി മഹാരാജ്, ആക്രമണകാരികളോട് യുദ്ധം ചെയ്യുക മാത്രമല്ല, സ്വയം ഭരണം സാധ്യമാണെന്ന് ജനങ്ങളിൽ വിശ്വസിപ്പിക്കുകയും ചെയ്തു.
‘അദ്ദേഹം സ്വരാജും (സ്വാതന്ത്ര്യവും) സൂരജും (നല്ല ഭരണം) സ്ഥാപിച്ചു. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളും ഭരണ സംവിധാനങ്ങളും നയങ്ങളും ഇന്ന് വളരെ പ്രസക്തമാണ്. ഇന്ത്യയുടെ കഴിവുകൾ തിരിച്ചറിഞ്ഞ് നാവികസേനയെ അദ്ദേഹം വിപുലീകരിച്ച രീതി ഇന്നും നമ്മെ പ്രചോദിപ്പിക്കുന്നു. ഛത്രപതി ശിവാജി മഹാരാജിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കഴിഞ്ഞ വർഷം ഇന്ത്യ നാവികസേനയെ അടിമത്തത്തിൽ നിന്ന് പൂർണമായും മോചിപ്പിച്ച്, ശിവാജി മഹാരാജിന്റെ രാജമുദ്ര പതിപ്പിച്ചു,’ പ്രധാനമന്ത്രി മോദി പറഞ്ഞു.
ഇത്രയും വർഷങ്ങൾക്ക് ശേഷവും അദ്ദേഹം സ്ഥാപിച്ച മൂല്യങ്ങൾ നമുക്ക് മുന്നോട്ടുള്ള വഴി കാണിച്ചുതരുന്നു. ഈ മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ 25 വർഷത്തെ അമൃത കാലം നാം പൂർത്തിയാക്കണം എന്നും പ്രധാനമന്ത്രി പറഞ്ഞു.
Discussion about this post