ലക്നൗ: ഓൺലൈൻ ഗെയ്മിംഗ് ആപ്പ് വഴി പ്രായപൂർത്തിയാകാത്ത കുട്ടികളെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കിയ കേസിൽ നിർണായക വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. കേസിൽ അറസ്റ്റിലായ പ്രധാന പ്രതി ഷഹനാസ് ഖാന് പാക് ബന്ധമുണ്ടെന്നാണ് സ്ഥിരീകരണം. ഇയാളുടെ ഫോണും സമൂഹമാദ്ധ്യമ ഇടപെടലുകളും ഇ-മെയിലും കേന്ദ്രീകരിച്ച് നടത്തിയ വിശദമായ അന്വേഷണത്തിലായിരുന്നു ഇക്കാര്യം വ്യക്തമായത്.
ഷഹനാസ് ഖാന്റെ ഫോൺ പരിശോധിച്ചതിൽ നിന്നും 30 ഓളം പാകിസ്താൻ നമ്പറുകൾ ആണ് കണ്ടെത്തിയത്. ഇയാളുടെ പേരിൽ ആറ് ഇ-മെയിൽ അക്കൗണ്ടുകളാണ് ഉള്ളത്. ഇതിൽ ഒരെണ്ണം പാകിസ്താനിൽ നിന്നുള്ള മെയിലുകൾക്ക് വേണ്ടിയാണ്. പാകിസ്താനിൽ നിന്നുള്ള നിരവധി മെയിലുകളാണ് ഈ അക്കൗണ്ടിലേക്ക് എത്തിയിരിക്കുന്നത് എന്ന് പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. സമൂഹമാദ്ധ്യമ ഇടപെടൽ പരിശോധിച്ചതിൽ നിന്നും ചില പാക് ഗ്രൂപ്പുകളിൽ ഷഹനാസ് അംഗമാണെന്നും കണ്ടെത്തിയിട്ടുണ്ട്.
രണ്ട് മൊബൈൽ ഫോണുകളാണ് ഇയാളുടെ പക്കൽ നിന്നും പിടിച്ചെടുത്തത്. ഇത് വിശദമായി പരിശോധിക്കുന്നത് തുടരുകയാണ്. ഇ- മെയിലുകളിൽ രണ്ട് അക്കൗണ്ടുകൾ ഓൺലൈൻ ഗെയ്മിംഗിനായി വാങ്ങിയതാണെന്നാണ് ഷഹനാസിന്റെ മൊഴി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. വരും ദിവസങ്ങളിൽ കേസുമായി ബന്ധപ്പെട്ട് കൂടുതൽ നിർണായക വിവരങ്ങൾ പുറത്തുവരുമെന്നാണ് സൂചന.
ഓൺലൈൻ ഗെയ്മിംഗ് ആപ്പ് വഴി കുട്ടികളെ മതം മാറ്റിയ കേസിൽ കഴിഞ്ഞ ദിവസമാണ് പ്രധാന പ്രതിയായ ഷഹനാസിനെ മഹാരാഷ്ട്രയിൽ നിന്നും അറസ്റ്റ് ചെയ്തത്. ഗെയ്മിംഗ് ആപ്പ് വഴി മകനെ ഇസ്ലാമിക മതത്തിലേക്ക് മാറ്റിയെന്ന പരാതിയുമായി ഗാസിയാബാദ് സ്വദേശിയായ പിതാവ് പോലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൗലവിയായ മറ്റൊരു പ്രതി അറസ്റ്റിലായിരുന്നു. ഇയാളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആയിരുന്നു ഷഹനാസിനെ പിടികൂടിയത്.
Discussion about this post