കണ്ണൂർ: മുഴപ്പിലങ്ങാട് മൂന്നാം ക്ലാസുകാരിയെ തെരുവുനായകൾ ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഒരാൾക്ക് മാത്രം കയറാവുന്ന രീതിയിൽ അൽപം തുറന്നുകിടന്ന ഗേറ്റിലൂടെ നായകൾ അകത്ത് കയറുകയായിരുന്നു.
നായകളെ കണ്ടതോടെ കുട്ടി പട്ടി എന്ന് പേടിച്ച് നിലവിളിച്ച് അകത്തേക്ക് ഓടി. എന്നാൽ നായകൾ പിന്നാലെ ഓടി ആക്രമിക്കുകയായിരുന്നു. മുറ്റത്ത് വീണ കുട്ടിയെ മൂന്ന് നായകൾ വളഞ്ഞിട്ട് കടിക്കുന്നതും കാണാം. ആക്രമണത്തിനിടെ ഉറക്കെ നിലവിളിച്ച കുട്ടിയുടെ ശബ്ദം കേട്ടാണ് അമ്മയും അയൽവാസിയും ഓടിയെത്തുന്നത്.
ഇവരാണ് നായകളെ ഓടിച്ചുവിട്ട് ഭയന്നുവിറച്ച കുട്ടിയെ വാരിയെടുത്ത് ആശുപത്രിയിലേക്ക് പോയത്. ഇതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. സ്കൂൾ വിട്ട് വീട്ടിലെത്തിയ ശേഷം മുറ്റത്ത് കളിക്കുകയായിരുന്ന ജാൻവി എന്ന കുട്ടിക്കാണ് കടിയേറ്റത്. ചാലയിലെ സ്വകാര്യ ആശുപത്രിയിലാണ് കുട്ടിയെ പ്രവേശിപ്പിച്ചത്. കുട്ടിയുടെ കൈയ്ക്കും കാലിനും കടിയേറ്റിട്ടുണ്ട്.
കഴിഞ്ഞ ആഴ്ച മുഴപ്പിലങ്ങാട് തന്നെ നിഹാൽ എന്ന പതിനൊന്നുകാരനെ നായകൾ അതിക്രൂരമായി ആക്രമിച്ച് കൊന്നിരുന്നു. ഓട്ടിസം ബാധിച്ച് സംസാരിശേഷിയില്ലാത്ത കുട്ടിയായിരുന്നു നിഹാൽ. അതുകൊണ്ടു തന്നെ നായകൾ ആക്രമിച്ചത് ആരും അറിഞ്ഞിരുന്നില്ല. പിന്നെ കുട്ടിയെ കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് നിഹാലിനെ നായകൾ ആക്രമിച്ച നിലയിൽ കണ്ടത്. നിഹാലിന്റെ വീട്ടിൽ നിന്നും അര കിലോമീറ്ററിനുളളിലാണ് ഇപ്പോൾ ആക്രമണം ഉണ്ടായ വീടും.
തെരുവുനായകളെ പിടികൂടാൻ നടപടി വേണമെന്ന് ആവശ്യപ്പെട്ട് നിഹാൽ മരണപ്പെട്ടതിന് പിന്നാലെ നാട്ടുകാർ മുഴപ്പിലങ്ങാട് വലിയ പ്രതിഷേധം ഉയർത്തിയിരുന്നു. തുടർന്ന് നായ പിടുത്തക്കാരെ രംഗത്തിറക്കുകയും ഇതുവരെ മുപ്പതിലധികം നായകളെ പിടികൂടിയതായും പഞ്ചായത്ത് അധികൃതർ പറഞ്ഞു.
Discussion about this post