കേദാർനാഥ്: കേദാർനാഥ് ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ സ്വർണം പൂശിയതിൽ അഴിമതിയുണ്ടെന്ന ആരോപണം അന്വേഷിക്കാൻ ഉന്നതതല സമിതിയെ നിയോഗിച്ചു.ക്ഷേത്ര കമ്മിറ്റിക്കെതിരെയാണ് 12.5 ബില്യന്റെ അഴിമതി നടന്നിട്ടുണ്ടെന്നാണ് ആരോപണം ഉയർന്നത്. സംഭവത്തിൽ ഗഡ്വാൾ കമ്മീഷണറുടെ നേതൃത്വത്തിൽ ഉന്നതതല അന്വേഷണ സമിതി രൂപീകരിക്കാൻ കൾച്ചർ ആന്റ് റിലീജിയസ് അഫയേഴ്സ് സെക്രട്ടറി ഹരിചന്ദ്ര സെംവാളിനെ ചുമതലപ്പെടുത്തിയതായി മന്ത്രി സത്പാൽ മഹാരാജ് അറിയിച്ചു.
സാങ്കേതിക വിദഗ്ധരും സ്വർണനിർമാണ മേഖലയിൽ അനുഭവസമ്പത്ത് ഉള്ളവരേയും അന്വേഷണ സമിതിയിൽ ഉൾപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. ആരോപണങ്ങൾ അങ്ങേയറ്റം ഗുരുതരമാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സത്പാൽ മഹാരാജ് പറഞ്ഞു. എന്നാൽ വിഷയത്തെ വക്രീകരിച്ച് ചതുർധാം യാത്ര തടസ്സപ്പെടുത്താനാണ് പ്രതിപക്ഷ പാർട്ടികൾ ശ്രമിക്കുന്നതെന്നും സത്പാൽ മഹാരാജ് പറയുന്നു.
ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ 23,777.800 ഗ്രാം സ്വർണം ഉപയോഗിച്ചുവെന്നാണ് ബദരീനാഥ് കേദാർനാഥ് ക്ഷേത്ര കമ്മിറ്റി നേരത്തെ പ്രസ്താവനയിൽ പറഞ്ഞത്. എന്നാൽ ഇതിൽ പലയിടത്തും സ്വർണത്തിന് പകരം പിച്ചള ഉപയോഗിച്ചുവെന്നും, തിരിമറി നടന്നിട്ടുണ്ടെന്നുമാണ് ആരോപണം ഉയർന്നിരിക്കുന്നത്.
Discussion about this post