ഹോളിവുഡ് ഈയാഴ്ച രണ്ടു പ്രമുഖ സിനിമകളുടെ റിലീസിനാണ് സാക്ഷ്യം വഹിച്ചിരിക്കുന്നത്. ക്രിസ്റ്റഫർ നോളന്റെ ഓപ്പൺഹൈമറും ഗ്രേറ്റ ഗെർവിഗിന്റെ ബാർബിയും ആണ് ഇപ്പോൾ ലോക സിനിമയിലെ ചർച്ചാവിഷയങ്ങൾ.
ലോകമെമ്പാടുമുള്ള സിനിമാശാലകളിൽ ഓപ്പൺഹൈമറും ബാർബിയും തമ്മിലുള്ള ബോക്സ് ഓഫീസ് പോരാട്ടം തുടരുകയാണ്.
മാൻഹട്ടൻ പദ്ധതിയുടെ ഭാഗമായി ആദ്യത്തെ ആണവായുധങ്ങൾ വികസിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞനായ ജെ റോബർട്ട് ഓപ്പൺഹൈമറിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ജീവചരിത്ര ത്രില്ലറാണ് ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത ഓപ്പൺഹൈമർ. എമിലി ബ്ലണ്ട്, റോബർട്ട് ഡൗണി ജൂനിയർ, മാറ്റ് ഡാമൺ, ഫ്ലോറൻസ് പഗ് എന്നിവർക്കൊപ്പം സിലിയൻ മർഫിയും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗ്രെറ്റ ഗെർവിഗ് എഴുതി സംവിധാനം ചെയ്തിരിക്കുന്ന ബാർബി ഫാന്റസി ലോകവും യഥാർത്ഥ ലോകവും തമ്മിൽ സമന്വയിപ്പിച്ച് കഥ പറയുന്ന ചിത്രമാണ്.
ബാർബിയായി മാർഗോട്ട് റോബിയും കെൻ ആയി റയാൻ ഗോസ്ലിംഗും ആണ് ബാർബിയിൽ അഭിനയിക്കുന്നത്.
സിനിമാ പ്രേമികൾക്കിടയിൽ ഓപ്പൺഹൈമർ ബാർബി യുദ്ധം നടന്നുകൊണ്ടിരിക്കെ തന്റെ കുടുംബവും ഒന്നിച്ച് ബാർബി കാണാൻ എത്തിയിരിക്കുകയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്. ഒരു മൾട്ടിപ്ലെക്സിൽ നിന്ന് ഭാര്യ അക്ഷര മൂർത്തിക്കും മക്കളായ കൃഷ്ണയ്ക്കും അനൗഷ്കയ്ക്കുമൊപ്പമുള്ള ചിത്രം റിഷി സുനക് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചു. കാണാൻ പോകുന്ന ചിത്രം വെളിവാക്കുന്ന തരത്തിലുള്ള പിങ്ക് വസ്ത്രങ്ങൾ ധരിച്ചായിരുന്നു അദ്ദേഹത്തിന്റെ ഭാര്യയും മക്കളും എത്തിയിരുന്നത്. ” കുടുംബങ്ങളിലെ വോട്ടുകൾ എല്ലായ്പ്പോഴും ഒരേ വഴിക്കാണ് പോകുന്നത്. അതുകൊണ്ട് ആദ്യം ബാർബിയ്ക്ക് പോകുന്നു ” എന്നാണ് ഈ ചിത്രത്തിന് റിഷി സുനക് അടിക്കുറിപ്പ് നൽകിയത്.
എന്നാൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഈ പ്രവൃത്തിയിൽ ഓപ്പൺഹൈമർ ആരാധകർ അസ്വസ്ഥരാണ്. എന്തുകൊണ്ട് ആദ്യം ഓപ്പൺഹൈമർ കാണാൻ പോയില്ല എന്ന് അവർ ഈ ഫോട്ടോയ്ക്ക് താഴെ വന്ന് ചോദിക്കുന്നുണ്ട്. എന്നാൽ അണുബോംബും ആക്രമണങ്ങളും പശ്ചാത്തലമാക്കിയുള്ള ഓപ്പൺഹൈമറിന്റെ റേറ്റിംഗ് നിബന്ധനകൾ അനുസരിച്ച് ഈ സിനിമ 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് കാണാൻ കഴിയുന്നതല്ല . അതിനാൽ കുട്ടികളെയും കൂട്ടി സിനിമയ്ക്ക് പോകുന്നവർക്ക് ബാർബി തന്നെയാണ് നല്ലത് എന്നാണ് ചില ആരാധകർ മറുപടി കുറിച്ചിരിക്കുന്നത്.
Discussion about this post