തിരുവനന്തപുരം: സര്‍ക്കാരിനെതിരെ പരസ്യവിമര്‍ശനം നടത്തിയെന്ന ആരോപണത്തിന്മേല് ഡി.ജി.പി. ജേക്കബ് തോമസിനെതിരെ നടപടിയെടുക്കേണ്ടതില്ലെന്ന് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ റിപ്പോര്‍ട്ട് നല്കി.
ബാര്‍കോഴ വിധിയെ അനുകൂലിച്ചും ഫ്ളാറ്റ് ലൈസന്‍സ് വിവാദവുമായി ബന്ധപ്പെട്ടും ജേക്കബ് തോമസ് നടത്തിയ പരസ്യപ്രസ്താവനകള്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കണമെന്ന ഉദ്ദേശത്തോടു കൂടിയതല്ലെന്ന കണ്ടെത്തലോടുകൂടിയ റിപ്പോര്‍ട്ടാണ് ചീഫ് സെക്രട്ടറി നല്‍കിയത്.
രണ്ട് സംഭവത്തിലും പരസ്യപ്രസ്താവന നടത്തിയ ജേക്കബ് തോമസിനെതിരെ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് മന്ത്രിസഭായോഗമാണ് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയത്. ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ആഭ്യന്തരമന്ത്രിയുടെ പരിഗണനയിലാണ്. സര്‍ക്കാരാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടക്കുക.
അതേ സമയം ഡി.ജി.പിമാരായ ലോക്നാഥ് ബെഹ്റ, ഋഷിരാജ് സിങ് എന്നിവരുടെ സ്ഥലംമാറ്റം ക്രമവിരുദ്ധമാണെന്ന് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്കും കത്തുനല്‍കി.
സര്‍ക്കാര്‍ തീരുമാനം ഈ രണ്ടു പേരുടെയും ഔദ്യോഗിക ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തുമെന്നും കത്തില്‍ പറയുന്നു. സ്ഥലംമാറ്റങ്ങളിലുള്ള കടുത്ത അതൃപ്തിയും കത്തിലുണ്ട്. ഡി.ജി.പിമാരായി സ്ഥാനക്കയറ്റം നല്‍കിയശേഷം അതേ ഉദ്യോഗസ്ഥരെ എ.ഡി.ജി.പി തസ്തികയില്‍ നിയമിക്കുന്നത് തരംതാഴ്ത്തുന്നതുപോലെയാണ്. വിജിലന്‍സ് ഡയറക്ടറുടെ തസ്തികയില്‍ നിയമിക്കാന്‍ മൂന്ന് ഡി.ജി.പിമാരുണ്ട്. അതില്‍നിന്ന് ഒരാളെ വിജിലന്‍സ് ഡയറക്ടറാക്കാവുന്നതേയുള്ളൂ.
ഇക്കാര്യത്തില്‍ പിടിവാശി തുടര്‍ന്നാല്‍ കേന്ദ്ര സര്‍ക്കാറിന്റെ വിമര്‍ശത്തിന് ഇടയാക്കും. ഫയര്‍ഫോഴ്സ് ഡയറക്ടറുടെ തസ്തിക ഡി.ജി.പി തലത്തില്‍ ഉയര്‍ത്താന്‍ മന്ത്രിസഭയുടെ അനുമതി തേടാവുന്നതാണെന്നും ചീഫ് സെക്രട്ടറി കത്തില്‍ വ്യക്തമാക്കി.
Discussion about this post