സേലം : നീണ്ട കാത്തിരിപ്പിനൊടുവില്‍ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ ജെയ്ലര്‍ സിനിമ ഇന്ന് തീയേറ്ററുകളില്‍ എത്തി. തലൈവരെ ബിഗ് സ്ക്രീനില്‍ കാണുന്നതിനായി ജന സാഗരങ്ങളാണ് തീയേറ്ററുകളിലേക്ക് ഒഴുകി എത്തുന്നത്. തിയേറ്ററുകള്‍ക്ക് പുറത്ത് പടക്കം പൊട്ടിച്ചും നൃത്തം ചെയ്തും ആഘോഷമാക്കിയാണ് തമിഴ് മക്കള്‍ ജയിലറെ വരവേറ്റത്. ഇതിന്റെ നിരവധി വീഡിയോകള്‍ ഇപ്പോള്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നുണ്ട്.
സൂപ്പര്‍ സ്റ്റാറുകളായ രജനീകാന്തും മോഹന്‍ലാലും ഒരുമിക്കുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. കേരളക്കരയിലും വന്‍ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്. ഒരു ഫുള്‍ ഓണ്‍ എന്റര്ടെയ്നര് ചിത്രമെന്നാണ് വരുന്ന ആദ്യ റിപ്പോര്‍ട്ടുകള്‍. സംവിധായകന് നെല്‍സണ്‍ ദിലീപ്കുമാറുമായുള്ള രജനീകാന്തിന്റെ ആദ്യ സഹകരണമാണ് ചിത്രം. മോഹന്‍ലാലിനെ കൂടാതെ പ്രമുഖ നടന് ശിവ രാജ്കുമാര്, ജാക്കി ഷെറോഫ്, രമ്യാ കൃഷ്ണന്, തമന്ന, വിനായകന് തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
തമിഴ്നാട്ടിലുടനീളം ചിത്രം 900 തിയേറ്ററുകളിലാണ് ജെയ്ലര്‍ ഇന്ന് റിലീസായിരിക്കുന്നത്. ‘പക്കാ രജനീകാന്ത് ഷോ’ കാണുന്നതിനായി തിയറ്ററുകള്‍ക്ക് പുറത്ത് ആരാധകര്‍ തടിച്ചുകൂടി. രണ്ട് വര്‍ഷത്തിന് ശേഷം രജനികാന്തിന്റെ ബിഗ് സ്ക്രീനിലേക്കുള്ള തിരിച്ചുവരവ് വന്‍ ആഘോഷമാക്കി മാറ്റുകയാണ് ആരാധകര്‍. മിക്ക തീയേറ്ററുകളിലും ഇന്നലെ തന്നെ ആഘോഷങ്ങള്‍ തുടങ്ങിയിരുന്നു. തീയേറ്ററുകള്‍ക്ക് പുറത്ത് പടക്കം പൊട്ടിച്ചും രജനീകാന്തിന്റെ ഫ്ളെക്സുകളില്‍ പാല് അഭിഷേകം നടത്തിയും ഡ്രമ്മുമായി നൃത്തം ചെയ്തുമാണ് ആരാധകര്‍ ‘ജെയ്ലര്‍’ ഒരു പൂരമാക്കി മാറ്റിയത്.
സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് നിരവധി വീഢിയോകളാണ് വൈറലായി മാറുന്നത്. അതിവൈകാരികമായ നിമിഷങ്ങളാണ് തീയേറ്ററുകള്‍ക്ക് മുമ്പിലെന്ന് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആരാധകര്‍ ജയിലര്‍ എന്ന് എഴുതിയ കാറില്‍ പാല് ഒഴിച്ചും, ധോളിനൊപ്പം നൃത്തം ചെയ്തും, പടക്കം പൊട്ടിച്ചും ആഘോഷ തിമിര്പ്പലാണ്. ചിലയിടങ്ങളില്‍ ചിത്രത്തിന്റെ ആദ്യദിന ഫസ്റ്റ് ഷോ കാണാന്‍ പോകുന്നവരെ ആരാധകര്‍ പൂക്കള്‍ ചൊരിയുന്ന വീഡിയോയും പുറത്ത് വരുന്നുണ്ട്. രജനീകാന്തിന്റെ പോസ്റ്ററുകളിലും അവര്‍ ഇതളുകള്‍ ചൊരിഞ്ഞു.
അനിരുദ്ധ് രവിചന്ദറാണ് ജയിലറിന് സംഗീതം നല്‍കിയിരിക്കുന്നത്. കാവാല, ഹുക്കും എന്നീ രണ്ട് ഗാനങ്ങള്‍ ഇതിനോടകം വന്‍ ഹിറ്റുകളായി മാറിയിരുന്നു.
Discussion about this post