ന്യൂഡല്‍ഹി : ഭാരതത്തിന്റെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ മൂന്നിന്റെ വിജയവും സൗര ദൗത്യമായ ആദിത്യ എല്‍ 1 ന്റെ വിജയകരമായ വിക്ഷേപണത്തോടെയും ഐഎസ്ആര്‍ഒ ബഹിരാകാശ പര്യവേഷണങ്ങളില്‍ അന്താരാഷ്ട്ര തലത്തില്‍ വന്‍ കുതിപ്പാണ് നടത്തിയതെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ജിതേന്ദ്ര സിംഗ്. ബഹിരാകാശ പര്യവേഷണങ്ങളില്‍ അന്താരാഷ്ട്ര ഏജന്‍സികളായ അമേരിക്കയുടെ നാസയുമായും റഷ്യയുടെ റോസ്കോസ്മോസുമായും മത്സരിക്കാനുള്ള ശേഷി ഇന്ന് ഐഎസ്ആര്‍ഒയ്ക്കുണ്ട്. മോദിയുടെ പുരോഗമന നയതന്ത്ര തീരുമാനങ്ങളുടെ ഭാഗമായാണ് രാജ്യം ഇന്ന് ഇത്തരം നേട്ടങ്ങള്‍ കൈവരിക്കുന്നതെന്നും അതിനാല്‍ ഈ കാലഘട്ടം ‘മോദിയുടെ യുഗം’ ആയി അറിയപ്പെടുമെന്നും ജിതേന്ദ്ര സിംഗ് കൂട്ടിച്ചേര്‍ത്തു. ജമ്മുകശ്മീരിലെ ‘മേരി മാഠി മേരാ ദേശ് പദ്ധതിയുടെ ഉദ്ഘാടനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കഴിഞ്ഞ ഒമ്പത് വര്‍ഷമായി ഇന്ത്യ ബഹിരാകാശ പര്യവേഷണ മേഖലയില്‍ വന്‍ മുന്നേറ്റമാണ് നടത്തുന്നത്. ഇത് ഇന്ത്യയെ നാസയ്ക്കും റോസ്കോസ്മോസിനും തുല്യമാക്കി. അവര്‍ ഇപ്പോള്‍ ബഹിരാകാശ പര്യവേഷണങ്ങള്‍ക്കായി ഐഎസ്ആര്യുമായി സഹകരിക്കുന്നു. പരിമിതമായ വിഭവങ്ങള്‍ക്കിടയിലും ചെലവ് കുറഞ്ഞ മാര്‍ഗങ്ങളിലൂടെ മാനവ വിഭവശേഷിയിലും മനുഷ്യന്റെ കഴിവിലും ഇന്ത്യ ലോകത്തിന് മുന്നില്‍ തന്റെ ആധിപത്യം സ്ഥാപിച്ചു. ഇത് ഭാരതത്തെ ലോകത്തെ മുന്‍നിര രാഷ്ട്രമായും ശാസ്ത്ര-സാമ്പത്തിക മേഖലയിലെ വന്‍കിട ശക്തിയായും മാറാന്‍ സഹായിച്ചു’, സിംഗ് പറഞ്ഞു.
പൊതു സ്വകാര്യ പങ്കാളിത്ത മാതൃകയിലൂടെ ഇന്ത്യയുടെ ബഹിരാകാശ മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ്വേകിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിന് കീഴിലാണ് ഇന്ത്യയുടെ സമീപകാലത്തെ ബഹിരാകാശ വിസ്മയങ്ങള്‍ സാധ്യമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
”അടുത്ത 25 വര്‍ഷത്തേക്ക് പ്രധാനമന്ത്രി വിഭാവനം ചെയ്ത ‘അമൃത് കാല്’ പദ്ധതിക്കു കീഴില്‍ രാജ്യത്തിന്റെ വളര്‍ച്ചയ്്ക്ക് മുതല്ക്കൂട്ടാകാന് സഹായിക്കുന്നതാണ് ചന്ദ്രയാന്‍ 3, ആദിത്യ-എല്‍1 എന്നീ ദൗത്യങ്ങള്‍. മോദിയുടെ പുരോഗമന നയതന്ത്ര തീരുമാനങ്ങള്‍ ലോകത്തിന്റെ പ്രശംസ ഏറ്റുവാങ്ങുകയാണ്. ചന്ദ്രയാന്‍-3, ആദിത്യ-എല്‍1 എന്നിവ അതിന്റെ അനന്തരഫലങ്ങളാണ്. അതിനാല്‍ ഈ കാലഘട്ടത്തെ ‘മോദിയുടെ യുഗം’ എന്ന് അറിയപ്പെടും”, അദ്ദേഹം വ്യക്തമാക്കി.
2014-ന് മുമ്പ് ഏകദേശം 350 സ്റ്റാര്‍ട്ടപ്പുകള്‍ മാത്രമേ രാജ്യത്ത് ഉണ്ടായിരുന്നുള്ളൂ, എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിലേറിയതിന് ശേഷം സ്റ്റാര്‍ട്ടപ്പുകള്‍ക്കായി പ്രത്യേകം പദ്ധതി ആവിഷ്കരിച്ചു. ഇതിന്റെ ഫലമായി 1.25 ലക്ഷം സ്റ്റാര്‍ട്ടപ്പുകളാണ് രാജ്യത്ത് പുതിയതായി തുടങ്ങിയിരിക്കുന്നത്. അതില്‍ 110 എണ്ണം വന്‍ വ്യാവസായിക വളര്‍ച്ച കൈവരിച്ചിരിക്കുന്നു. ചന്ദ്രയാന്‍-3 ന്റെ വിജയകരമായ വിക്ഷേപണം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ആഗോള തലത്തില്‍ സ്വപ്നം കാണാന്‍ പ്രേരിപ്പിച്ചു. ബഹിരാകാശ മേഖലയില്‍ നേരത്തേ 5 സ്റ്റാര്‍ട്ടപ്പുകളാണ് ഉണ്ടായിരുന്നത് എങ്കില്‍ ഇന്നത് 150 ആയി ഉയര്‍ന്നിരിക്കുന്നു. അതില്‍ പലതും ശാസ്ത്ര വിദ്യാര്‍ഥികളും ഗവേഷകരും പുതിയ സംരംഭകരുമാണ് തുടങ്ങിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ബയോടെക് മേഖലയില്‍, 2014 ലെ 50-ഓളം സ്റ്റാര്‍ട്ടപ്പുകള്‍ ഉണ്ടായിരുന്നതിന്റെ സ്ഥാനത്ത് ഇന്നത് 6,000 ന് മുകളിലേക്ക് കുതിച്ചു. രാജ്യത്തെ
ശാസ്ത്രജ്ഞരുടെയും ഗവേഷകരുടെയും പണ്ഡിതന്മാരുടെയും കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവുമാണ് ഇന്ത്യ ഇപ്പോള്‍ നേടുന്ന എല്ലാം വിജയങ്ങള്‍ക്ക് പിന്നില്‍. പ്രസിദ്ധീകരണങ്ങളുടെ കാര്യത്തില്‍ ലോകത്തിലെ ആദ്യ മൂന്ന് രാജ്യങ്ങളില്‍ ഇന്ത്യ ഉള്‍പ്പെടുന്നു. പുതിയ കണ്ടുപിടുത്തങ്ങള്‍ക്കുള്ള പേറ്റന്റുകളുടെ കാര്യത്തില്‍ ഒമ്പതാം സ്ഥാനത്തും ഇന്ത്യ എത്തിക്കഴിഞ്ഞു. ആഗോള ഇന്നൊവേഷന് സൂചികയിലും ഇന്ത്യ കഴിഞ്ഞ വര്‍ഷങ്ങളില്‍ കാര്യമായ പുരോഗതി കൈവരിച്ചു. 81-ാം സ്ഥാനത്ത് നിന്ന് 40-ാം സ്ഥാനത്തേക്കാണ് നമ്മുടെ രാജ്യം ഉയര്‍ന്നത്. ഇന്ത്യ ഇപ്പോള്‍ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയാണെന്നും ശാസ്ത്ര ഗവേഷണ സാങ്കേതിക മേഖലയില്‍ ആഗോളതലത്തില്‍ ഏറ്റവും മികച്ച രാജ്യങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്നുവെന്നും ബഹിരാകാശ പര്യവേക്ഷണ മേഖലയിലെ മികച്ച അഞ്ച് രാജ്യങ്ങളില്‍ ഇന്ത്യ സ്ഥാനം പിടിക്കുകയാണെന്നും കേന്ദ്ര മന്ത്രി ചൂണ്ടിക്കാട്ടി.
Discussion about this post