ഹരിയാന : വികലാംഗനായ ഭിക്ഷാടകനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. ഹരിയാനയിൽ ഗുരുഗ്രാമിലെ ബസായി റോഡിലാണ് കൊലപാതകം നടന്നത്. അജ്ഞാതരായ അക്രമികൾ ഇഷ്ടികകൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഫരീദാബാദ് നിവാസിയായ സീനു ആണ് കൊല്ലപ്പെട്ടത് . ഗുരുഗ്രാമിലെ ക്ഷേത്രത്തിന് പുറത്ത് ഭിക്ഷ യാചിച്ചായിരുന്നു വികലാംഗനായ ഇയാൾ ഉപജീവനം നടത്തിയിരുന്നത്.
ബുധനാഴ്ചയാണ് ബസ്സായി റോഡിൽ മൃതദേഹം കിടക്കുന്നതായി വിവരം ലഭിച്ചതെന്ന് പോലീസ് അറിയിച്ചു. നാട്ടുകാർ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സംഘം സ്ഥലത്തെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്ന് ചില ഇഷ്ടികകൾ കണ്ടെടുത്തതായി ഗുരുഗ്രാം എസ്പി പറഞ്ഞു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വളരെ ക്രൂരമായ രീതിയിലാണ് ആക്രമികൾ ഈ ഭിക്ഷാടകനെ കൊലപ്പെടുത്തിയിട്ടുള്ളത്. മൃതദേഹത്തിൽ പലയിടത്തും ക്രൂരമായ രീതിയിൽ ആക്രമിക്കപ്പെട്ടതിന്റെ മുറിവുകൾ വ്യക്തമാണ്. കൊലപാതകത്തിന്റെ പിന്നിലെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. പ്രതികളെ ഉടൻതന്നെ പിടികൂടി നിയമത്തിനു മുൻപിൽ കൊണ്ടുവരുമെന്ന് ഗുരുഗ്രാം എസ്പി അറിയിച്ചു.
Discussion about this post