ബംഗളുരു : കാവേരി വിഷയത്തിൽ പ്രധാനമന്ത്രി ഇടപെടണമെന്ന് മുൻ പ്രധാനമന്ത്രിയും രാജ്യസഭാംഗവുമായ എച്ച് ഡി ദേവഗൗഡ. കാവേരി നദീജല തർക്കത്തിന് പരിഹാരമായി ഒരു പ്രത്യേക ഏജൻസി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കാവേരിയിലെ എല്ലാ റിസർവോയറുകളെക്കുറിച്ചും പഠനം നടത്താൻ തർക്കത്തിൽ കക്ഷികളായ സംസ്ഥാനങ്ങൾക്കും കേന്ദ്രസർക്കാരിനും അതീതമായ ഒരു ബാഹ്യ ഏജൻസിയെ നിയമിക്കണമെന്നാണ് ദേവഗൗഡയുടെ ആവശ്യം. ഇതിനായി പ്രധാനമന്ത്രി ജലശക്തി മന്ത്രാലയത്തിന് നിർദേശം നൽകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
സാധാരണഗതിയിൽ ജൂൺ മുതൽ സെപ്റ്റംബർ വരെ ലഭിക്കുന്ന തെക്കുപടിഞ്ഞാറൻ മൺസൂൺ ഈ വർഷം തീരെ കുറവായിരുന്നതിനാൽ കർണാടകയിലെ കാവേരി നദീതടത്തിലെ നാല് റിസർവോയറുകളിൽ വേണ്ടത്ര ജലസംഭരണമില്ലെന്നും ദേവഗൗഡ ചൂണ്ടിക്കാട്ടി. കർണാടക സംസ്ഥാനം ഗുരുതരമായ അവസ്ഥയാണ് നേരിടുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. ജലസേചനത്തിനെന്നല്ല, കുടിവെള്ളം പോലും ലഭ്യമല്ലാത്ത അവസ്ഥയിലാണ് കർണാടക ഇപ്പോൾ ഉള്ളതെന്നും ദേവഗൗഡ വ്യക്തമാക്കി.
കർണാടക റിസർവോയറുകളിൽ നിന്ന് തമിഴ്നാടിന് കാവേരി ജലം വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട് കർണാടകയും തമിഴ്നാടും തമ്മിൽ നിലനിൽക്കുന്ന തർക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളും പരിഹരിക്കുന്നതിന് സെപ്തംബർ 23ന് പ്രധാനമന്ത്രിക്ക് ഒരു കത്ത് എഴുതിയിരുന്നതായും ദേവഗൗഡ സൂചിപ്പിച്ചു. ഈ കത്തിന്റെ പകർപ്പ് അദ്ദേഹം തന്നെ വാർത്ത സമ്മേളനത്തിൽ പുറത്തുവിട്ടു. കാവേരി വിഷയത്തിൽ പ്രത്യേകം ഏജൻസി രൂപീകരിക്കുന്നതിന് കേന്ദ്രസർക്കാരിനോടും പ്രധാനമന്ത്രിയോടും ആവശ്യപ്പെടുകയാണെന്നും ദേവഗൗഡ വ്യക്തമാക്കി.
Discussion about this post