ന്യൂഡൽഹി: കേന്ദ്രസർക്കാരിൽ നിന്നും സാമൂഹ്യ പ്രവർത്തനങ്ങൾക്കായി കൈപ്പറ്റിയ ഫണ്ട് ദുർവിനിയോഗം ചെയ്ത കേസിൽ ടീസ്ത സെതൽവാദിനെ ശാസിച്ച് സുപ്രീംകോടതി. അന്വേഷണത്തോട് സഹകരിക്കാത്ത സാഹചര്യത്തിലാണ് സുപ്രീംകോടതിയുടെ ശാസന. കേസ് അന്വേഷണത്തിൽ ഗുജറാത്ത് സർക്കാരുമായി സഹകരിക്കാൻ ടീസ്തയ്ക്കും ഭർത്താവ് ജാവേദ് ആനന്ദിനും കോടതി നിർദ്ദേശവും നൽകി. ജസ്റ്റിസ് എസ്കെ കൗൾ അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് നിർദ്ദേശം.
കേസിൽ അന്വേഷണ സംഘവുമായി സഹകരിക്കുന്നില്ലെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജുവാണ് കോടതിയെ അറിയിച്ചത്. അതുകൊണ്ട് തന്നെ കുറ്റപത്രം സമർപ്പിക്കാൻ പോലീസിന് കഴിഞ്ഞില്ലെന്നും അദ്ദേഹം കോടതിയിൽ ചൂണ്ടിക്കാട്ടി. സഹകരിക്കാത്തതിനാൽ മൊഴിയെടുക്കുന്നതും തുടരന്വേഷണവും തടസ്സപ്പെട്ടു. അതിനാൽ ഇടപെടൽ വേണമെന്നും ഹർജിയിൽ അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഇതേ തുടർന്നാണ് സുപ്രീംകോടതി നിർദ്ദേശം നൽകിയത്.
സർക്കാർ ഇതര സംഘടനയായ സബരംഗ് ട്രസ്റ്റ് മുഖേന കേന്ദ്രസർക്കാരിൽ നിന്നും സമാഹരിച്ച ഫണ്ട് ദുർവിനിയോഗം ചെയ്തുവെന്ന കണ്ടെത്തലിലാണ് ടീസ്തയ്ക്കും ഭർത്താവിനുമെതിരെ കേസ് എടുത്തിട്ടുള്ളത്. 2008 മുതൽ 2013വരെയുള്ള കാലയളവിൽ ആയിരുന്നു ഫണ്ട് തട്ടിപ്പ്. 1.4 കോടി രൂപയാണ് തട്ടിയെടുത്തത്. ഇതിൽ അഹമ്മദാബാദ് ക്രൈംബ്രാഞ്ച് ആയിരുന്നു കേസ് എടുത്ത് അന്വേഷണം നടത്തിയിരുന്നത്.
Discussion about this post