ബിസിനസ് മാസികയായ ഫോർബ്സ് 2023-ലെ ലോകത്തിലെ ഏറ്റവും ശക്തരായ സ്ത്രീകളുടെ വാർഷിക പട്ടിക പുറത്തിറക്കി. 4 ഇന്ത്യൻ വനിതകളാണ് ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. സമൂഹത്തിൽ ഉയർന്ന സ്വാധീനം ചെലുത്താൻ കഴിഞ്ഞവരാണ് ഈ സ്ത്രീകൾ എന്നാണ് ഫോർബ്സ് വെളിപ്പെടുത്തുന്നത്.
32ആം റാങ്ക് നേടിക്കൊണ്ട് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ആണ് ഫോർബ്സ് പട്ടികയിൽ ഏറ്റവും ഉയർന്ന സ്ഥാനത്ത് നിൽക്കുന്ന ഇന്ത്യൻ വനിത. 2019 മുതൽ ഇന്ത്യയുടെ ധനകാര്യ മന്ത്രിയും കോർപ്പറേറ്റ് കാര്യ മന്ത്രിയുമാണ് നിർമല സീതാരാമൻ . 2017 മുതൽ 2019 വരെ 28-ാമത്തെ പ്രതിരോധ മന്ത്രിയായും നിർമല സീതാരാമൻ സേവനമനുഷ്ഠിച്ചിരുന്നു. ഇന്ദിരാഗാന്ധിക്ക് ശേഷം ഇന്ത്യയിലെ രണ്ടാമത്തെ വനിതാ പ്രതിരോധ മന്ത്രിയും ധനമന്ത്രിയുമായ വനിത കൂടിയാണ് നിർമല സീതാരാമൻ. കഴിഞ്ഞവർഷത്തെ ഫോർബ്സ് പട്ടികയിൽ 36ആം സ്ഥാനത്തായിരുന്നു നിർമല സീതാരാമൻ ഉണ്ടായിരുന്നത്.
ഇന്ത്യൻ കോടീശ്വരിയായ റോഷ്നി നാടാർ മൽഹോത്ര പട്ടികയിൽ അറുപതാം സ്ഥാനത്ത് എത്തി. എച്ച്സിഎൽ ടെക്നോളജീസിന്റെ ചെയർപേഴ്സണാണ് റോഷ്നി. ഇന്ത്യയിലെ ഒരു ലിസ്റ്റഡ് ഐടി കമ്പനിയെ നയിക്കുന്ന ആദ്യ വനിതയായി അവർ ചരിത്രം സൃഷ്ടിച്ചു. എച്ച്സിഎൽ സ്ഥാപകൻ ശിവ് നാടാറിന്റെ ഏക മകൾ ആണ്. ഐഐഎഫ്എൽ വെൽത്ത് ഹുറുൺ ഇന്ത്യ റിച്ച് ലിസ്റ്റ് (2019) പ്രകാരം ഇന്ത്യയിലെ ഏറ്റവും ധനികയായ വനിതയാണ് നിലവിൽ റോഷ്നി നാടാർ.
എഴുപതാം റാങ്കിലുള്ള സോമ മൊണ്ടൽ ആണ് ഫോർബ്സ് പട്ടികയിൽ ഇടം നേടിയ മറ്റൊരു ഇന്ത്യൻ വനിത. സ്റ്റീൽ എയുടെ നിലവിലെ ചെയർപേഴ്സൺ ആണ് സോമ. 2021 ജനുവരി മുതൽ ഈ സ്ഥാനത്ത് എത്തുന്ന ആദ്യ വനിത എന്ന നിലയിൽ സോമ മൊണ്ടൽ ചരിത്രം സൃഷ്ടിച്ചു. ഭുവനേശ്വറിൽ ജനിച്ച സോമ 1984 ൽ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടി. മെറ്റൽ വ്യവസായത്തിൽ 35 വർഷത്തിലേറെ പരിചയമുണ്ട്.
76 ആം സ്ഥാനത്തുള്ള കിരൺ മജുംദാർ-ഷാ ആണ് പട്ടികയിലെ അവസാന ഇന്ത്യൻ വനിത. ബാംഗ്ലൂരിൽ ബയോകോൺ ലിമിറ്റഡും ബയോകോൺ ബയോളജിക്സ് ലിമിറ്റഡും സ്ഥാപിക്കുകയും മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടുപോവുകയും ചെയ്ത വനിതയാണ് കിരൺ മജുംദാർ-ഷാ. ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെ മുൻ ചെയർപേഴ്സണായിരുന്നു അവർ. ശാസ്ത്രത്തിനും രസതന്ത്രത്തിനും നൽകിയ സംഭാവനകൾക്ക് 2014-ലെ ഒത്മർ ഗോൾഡ് മെഡൽ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ കിരൺ മജുംദാർ-ഷായ്ക്ക് ലഭിച്ചിട്ടുണ്ട്.
Discussion about this post