ഏത് ചലച്ചിത്രകാരന്റെയും ജീവിതഗതി തന്നെ മാറ്റിമറിക്കുന്ന ഒന്നാണ് ഓസ്കർ അവാർഡ് എന്നറിയപ്പെടുന്ന അക്കാദമി അവാർഡുകൾ. ഇന്നും പലരുടെയും വലിയൊരു സ്വപ്നം തന്നെയാണ് ഓസ്കർ അവാർഡുകൾ. ഓസ്കർ പുരസ്കാരവിതരണ ചടങ്ങിന് ഇന്ന് ലോകം മുഴുവൻ കാണികളുണ്ട്. എന്നാൽ അതുല്യമായ ഓസ്‌കർ ട്രോഫിയുടെ മൂല്യം എത്രയാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഏതൊരു ചലച്ചിത്രകാരനും ജീവിതത്തിൽ ഒരിക്കലെങ്കിലും സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഈ പുരസ്കാരത്തിന്റെ നിർമ്മാണവും ചിലവും ശരിക്കും കൗതുകകരമാണ്.
ഓസ്കർ ട്രോഫികൾ കാണുന്നതുപോലെ അത്ര നിസ്സാരമല്ല. 8.5 പൗണ്ട്, അതായത് ഏകദേശം 3.8 കിലോ തൂക്കമാണ് ഒരു ഓസ്കർ ട്രോഫിക്ക് ഉള്ളത്. പുരസ്കാര ജേതാക്കൾ ഈ ട്രോഫി എടുത്ത് തലയ്ക്കു മുകളിൽ പൊക്കിപ്പിടിക്കുന്നത് അത്ര നിസ്സാര കാര്യമല്ലെന്ന് ഇപ്പോൾ മനസ്സിലായല്ലോ! ഭാരം പോലെ തന്നെ മികച്ച മൂല്യവും ഈ ട്രോഫികൾക്കുണ്ട്. 13.5 ഇഞ്ച് ഉയരമുള്ളതാണ് ഈ ട്രോഫി. വെങ്കലം കൊണ്ട് നിർമ്മിച്ചശേഷം 24 ക്യാരറ്റ് സ്വർണം പൊതിഞ്ഞെടുത്തവയാണ് ഓസ്കർ ട്രോഫികൾ. ഒരു ട്രോഫി നിർമ്മിക്കാൻ ഏകദേശം 400 ഡോളർ, അതായത് 35,000 രൂപയോളം ആണ് ചിലവ് വരുന്നത്. ഓരോ വർഷവും പുരസ്കാര വേദിയിൽ നൽകപ്പെടുന്ന അമ്പതോളം ട്രോഫികൾ മൂന്നുമാസത്തോളം സമയമെടുത്താണ് നിർമ്മിച്ചു തീരുന്നത്. രണ്ടാം ലോകമഹായുദ്ധകാലത്ത് മാത്രമാണ് ഓസ്കർ ട്രോഫിയിൽ ചെറിയ മാറ്റം ഉണ്ടായിട്ടുള്ളത്. യുദ്ധകാലത്ത് നേരിട്ടിരുന്ന ലോഹ ക്ഷാമം മൂലം മൂന്നുവർഷങ്ങളിൽ ഓസ്കാർ പുരസ്കാരങ്ങൾ പ്ലാസ്റ്ററിൽ നിർമ്മിച്ച പ്രതിമ സ്വർണ്ണ നിറത്തിൽ പെയിന്റ് ചെയ്താണ് നൽകിയിരുന്നത്. എന്നാൽ പിന്നീട് രണ്ടാം ലോകമഹായുദ്ധം അവസാനിച്ചതിനുശേഷം ഈ മൂന്ന് വർഷങ്ങളിലും പുരസ്കാരങ്ങൾ നേടിയവരെ തിരിച്ചുവിളിച്ച് പ്ലാസ്റ്റർ ട്രോഫികൾ തിരികെ വാങ്ങിയശേഷം യഥാർത്ഥ ലോഹ ട്രോഫികൾ കൈമാറിയിരുന്നു.
അമേരിക്കൻ എംജിഎം സ്റ്റുഡിയോയുടെ കലാസംവിധായകനായിരുന്ന കെഡ്രിക് ഗിബ്ബൺസ് ആണ് ഓസ്കർ ട്രോഫി ഡിസൈൻ ചെയ്തത്. ഗിബ്ബൺസ് വരച്ച രേഖാചിത്രം ശില്പമാക്കി മാറ്റിയെടുത്തത് അമേരിക്കൻ ശിൽപിയായ ജോർജ്ജ് മൈറ്റ്ലാൻഡ് സ്റ്റാൻലിയാണ്. 1929 മുതലാണ് അക്കാദമി അവാർഡുകൾ വിതരണം ആരംഭിച്ചത്. ലോകത്തിൽ ഏറ്റവും പഴക്കമുള്ള വിനോദ പുരസ്കാര ചടങ്ങാണിത്. എല്ലാവർഷവും ഫെബ്രുവരി അവസാനമോ മാർച്ച് ആദ്യമോ ആയാണ് ഓസ്കർ പുരസ്കാരദാന ചടങ്ങ് നടക്കുന്നത്. 1930 ൽ നടന്ന രണ്ടാമത്തെ ഓസ്‌കർ ചടങ്ങ് റേഡിയോ വഴി ആദ്യമായി പ്രക്ഷേപണം ചെയ്യപ്പെട്ട ചടങ്ങായിരുന്നു. 1953 മുതലാണ് പുരസ്കാരദാനം ടെലിവിഷനിൽ സംപ്രേഷണം ചെയ്യാൻ ആരംഭിച്ചത്.
ആദ്യത്തെ അക്കാദമി അവാർഡ് അവതരണം 1929 മെയ് 16 ന് ദി ഹോളിവുഡ് റൂസ്‌വെൽറ്റ് ഹോട്ടലിൽ നടന്ന ഒരു സ്വകാര്യ അത്താഴവിരുന്നിൽ വച്ചായിരുന്നു നടന്നത്. ഏകദേശം 270 പേർ മാത്രമായിരുന്നു ആ ചടങ്ങിൽ പങ്കെടുത്തിരുന്നത്. അന്ന് 15 പുരസ്കാരങ്ങൾ മാത്രമായിരുന്നു നൽകിയിരുന്നത്. വെറും 15 മിനിറ്റ് സമയം മാത്രമായിരുന്നു ആദ്യ ഓസ്കർ അവാർഡ് ദാന ചടങ്ങ് നീണ്ടുനിന്നത്. ആദ്യമായി അക്കാദമി അവാർഡ് കൈപ്പറ്റിയ വ്യക്തി എന്ന നേട്ടം നടൻ എമിൽ ജാനിംഗ്സിനാണ് ഉള്ളത്. അവാർഡ് വിതരണ ചടങ്ങിന് മുന്നോടിയായി അദ്ദേഹത്തിന് യൂറോപ്പിലേക്ക് പോകേണ്ട ആവശ്യമുണ്ടായിരുന്നതിനാൽ നേരത്തെ തന്നെ മികച്ച നടനുള്ള ആദ്യ ഓസ്കർ പുരസ്കാരം എമിൽ ജാനിംഗ്സിന് സമ്മാനിക്കുകയായിരുന്നു. ഓസ്കർ പുരസ്കാരങ്ങൾ നൽകാൻ ആരംഭിച്ച് 20 വർഷങ്ങൾക്കുശേഷമാണ് മികച്ച വിദേശ ഭാഷാ ചിത്രങ്ങൾക്കുള്ള പുരസ്കാരം നൽകാൻ ആരംഭിച്ചത്. 74-ാമത് അവാർഡ് ദാന ചടങ്ങ് മുതലാണ് മികച്ച അനിമേഷൻ ചിത്രങ്ങൾക്ക് പുരസ്കാരം നൽകാൻ ആരംഭിച്ചത്. 2020 ൽ നടന്ന 92-ാമത് പുരസ്കാരം വിതരണ ചടങ്ങിൽ ആണ് ആദ്യമായി ഒരു വിദേശ ഭാഷാ ചിത്രം മികച്ച ചിത്രത്തിനുള്ള ഓസ്കർ പുരസ്കാരം സ്വന്തമാക്കുന്നത്. ദക്ഷിണകൊറിയൻ സിനിമയായ പാരസൈറ്റ് ആയിരുന്നു ഈ ചരിത്രപരമായ വിജയം സ്വന്തമാക്കിയത്.
ഓരോ പുരസ്കാര വിജയിയും ഏറെ മൂല്യവത്തായാണ് ഓസ്കർ ട്രോഫികൾ സൂക്ഷിക്കാറുള്ളത് എങ്കിലും ചില സാഹചര്യങ്ങളിൽ ഓസ്‌കർ ട്രോഫികൾ വിൽപ്പന നടത്തിയിട്ടുമുണ്ട്. 1946-ലെ ഓസ്‌കാർ പുരസ്‌കാര ജേതാവ് ഹരോൾഡ് റസ്സൽ ആണ് ആദ്യമായി ഒരു ഓസ്കർ പുരസ്കാരം വിൽപ്പന നടത്തിയത്. 1992ൽ തന്റെ ഭാര്യയുടെ ചികിത്സാ ചെലവുകൾക്കായി പണം സ്വരൂപിക്കുന്നതിനായി ഈ ട്രോഫി അദ്ദേഹം ലേലത്തിന് വെക്കുകയായിരുന്നു. 60,500 ഡോളറിനാണ് ഈ ട്രോഫി വിറ്റ് പോയത്. നടപടി ഏറെ വിവാദങ്ങൾ സൃഷ്ടിച്ചെങ്കിലും പുരസ്കാരത്തെക്കാൾ തനിക്ക് പ്രധാനം തന്റെ ഭാര്യ ആണെന്നായിരുന്നു ഹരോൾഡ് റസ്സൽ വ്യക്തമാക്കിയത്. 2011 ൽ ഓർസൺ വെല്ലസ് എന്ന തിരക്കഥാകൃത്തും തനിക്ക് ലഭിച്ച ഓസ്കാർ ട്രോഫി ലേലത്തിന് വച്ചു. അന്ന് 8,61,542 ഡോളറിനാണ് ഓസ്‌കർ ട്രോഫി വിറ്റ് പോയത്. എന്നാൽ ഈ വിറ്റഴിക്കപ്പെട്ട ട്രോഫികൾ പിന്നീട് അക്കാദമി തന്നെ തിരികെ വാങ്ങി തങ്ങളുടെ ട്രഷറിയിൽ സൂക്ഷിച്ചതായും ചില റിപ്പോർട്ടുകൾ ഉണ്ട്. എന്തുതന്നെയായാലും ഈ മഹത്തായ പുരസ്കാരം ഇന്നും പല ചലച്ചിത്രക്കാരൻമാർക്കും സ്വപ്നം മാത്രം കാണാൻ കഴിയുന്നതായി അവശേഷിക്കുകയാണ്
Discussion about this post