നൂറ്റാണ്ടുകളായി ലോകത്തിലെ കടുവകളുടെ പ്രധാന ആവാസ വ്യവസ്ഥ ഏഷ്യൻ രാജ്യങ്ങൾ ആയിരുന്നു. എന്നാൽ ഏതാനും പതിറ്റാണ്ടുകൾക്ക് മുൻപ് ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിൽ കടുവകളുടെ എണ്ണം ക്രമാതീതമായി താഴ്ന്നു വന്നു. ഇന്ത്യയുടെ അഭിമാനമായ ബംഗാൾ കടുവകൾ ഉൾപ്പെടെ ഏറെക്കുറെ വംശനാശഭീഷണിയോട് അടുക്കുന്ന സാഹചര്യമാണ് ഉണ്ടായത്. 2000ത്തിന്റെ തുടക്കകാലത്ത് ആഗോളതലത്തിൽ തന്നെ കടുവകളുടെ എണ്ണം 3,600 ആയി കുറഞ്ഞിരുന്നു. ലോകമൊട്ടാകെ കടുവകൾ നേരിടുന്ന പ്രതിസന്ധി തിരിച്ചറിഞ്ഞുകൊണ്ട് 2010-ൽ കടുവകളുടെ ആവാസവ്യവസ്ഥകൾ ഉള്ള വിവിധ രാജ്യങ്ങൾ ചേർന്ന് ഗ്ലോബൽ ടൈഗർ റിക്കവറി പ്രോഗ്രാം ആരംഭിച്ചു. ഈ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇന്ത്യ നടപ്പിലാക്കി വരുന്ന കടുവ സംരക്ഷണ നയത്തിലൂടെ കഴിഞ്ഞ 10 വർഷങ്ങൾ കൊണ്ട് രാജ്യത്തെ കടുവകളുടെ എണ്ണം ഇരട്ടിയായി ഉയർത്തി. ഇന്ന് ലോകത്തിലെ മൊത്തം കടുവകളുടെ എണ്ണത്തിന്റെ 75% വും ഇന്ത്യയിലാണ് ഉള്ളത്.
വേട്ടയാടൽ, ആവാസവ്യവസ്ഥയുടെ നാശം, വനഭൂമികൾ മനുഷ്യൻ കയ്യേറി കൃഷിഭൂമികൾ ആക്കി മാറ്റിയത് എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ ആയിരുന്നു ആഗോളതലത്തിൽ തന്നെ കടുവകൾ പ്രധാനമായി നേരിട്ടിരുന്നത്. അതിനാൽ തന്നെ വേട്ടയാടലിൽ നിന്നും ആവാസവ്യവസ്ഥയുടെ നഷ്ടത്തിൽ നിന്നും കടുവകളെ സംരക്ഷിക്കുന്നതിന് ആയിരുന്നു രാജ്യത്തിന്റെ ആദ്യ പരിശ്രമം. വനപ്രദേശങ്ങളിൽ കടുവകൾക്ക് ആവശ്യമുള്ള ഇരകൾ ഉറപ്പാക്കിയും മനുഷ്യ-വന്യജീവി സംഘർഷങ്ങൾ കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു കൊണ്ടും കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ഇന്ത്യ കടുവകളുടെ എണ്ണം ഇരട്ടിയാക്കി ഉയർത്തി.
നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയുടെ കണക്കുകൾ പ്രകാരം 2010-ൽ ഇന്ത്യയിൽ 1,706 കടുവകളാണ് ഉണ്ടായിരുന്നത്. എന്നാൽ കടുവകളെ സംരക്ഷിക്കുന്നതിനുള്ള നയം രാജ്യം കൃത്യമായി നടപ്പിലാക്കിയതിലൂടെ 2022-ൽ ഇന്ത്യയിലെ കടുവകളുടെ എണ്ണം ഏകദേശം 3,682 ആയി വർദ്ധിച്ചു. ഇതോടെ ആഗോളതലത്തിൽ തന്നെ കടുവ സംരക്ഷണത്തിൽ വിജയം കൈവരിച്ച രാജ്യമായി ഇന്ത്യ മാറി. ഇന്ത്യയുടെ ഈ കടുവ സംരക്ഷണ പദ്ധതി പ്രവർത്തനങ്ങൾ ജൈവവൈവിധ്യത്തിനും സമീപ പ്രദേശങ്ങളിലെ ജന സമൂഹത്തിനും ഗുണകരമായതായാണ് സയൻസ് ജേർണൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. രാജ്യത്തെ വിവിധ മേഖലകളിൽ കടുവകളുടെ എണ്ണം വർദ്ധിപ്പിച്ചതോടൊപ്പം ഈ വനപ്രദേശങ്ങളിൽ ഇക്കോ ടൂറിസം പദ്ധതികളും ആരംഭിച്ചത് വഴി പ്രാദേശിക ജനസമൂഹത്തിന്റെ ജീവിത നിലവാരം ഉയർന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രാജസ്ഥാനിലെ സവായ് മധോപൂർ ആണ് ഇതിന് പ്രധാന ഉദാഹരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. രന്തംബോർ ദേശീയോദ്യാനത്തിലെ കടുവ ടൂറിസത്തിലൂടെ പ്രാദേശിക സമൂഹങ്ങളുടെ സമ്പദ്‌വ്യവസ്ഥ അഭിവൃദ്ധി പ്രാപിച്ചതായാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഏകദേശം 1,38,200 ചതുരശ്ര കിലോമീറ്റർ ആവാസ വ്യവസ്ഥയാണ് ഇന്ത്യ ഇന്ന് കടുവ സംരക്ഷണ നയത്തിനായി മാറ്റിവെച്ചിരിക്കുന്നത്. 2006 നും 2018 നും ഇടയിൽ, ഇന്ത്യയിൽ നഷ്ടപ്പെട്ട 41,767 ചതുരശ്ര കിലോമീറ്റർ ആവാസവ്യവസ്ഥ ആണ് തിരിച്ചു പിടിച്ചത്. 2014 നും 2018 നും ഇടയിലാണ് കടുവകളുടെ സ്വാഭാവിക ആവാസ വ്യവസ്ഥ തിരിച്ചുപിടിക്കുന്നതിനുള്ള വലിയ ശ്രമങ്ങൾ നടന്നത്. പഠനങ്ങൾ അനുസരിച്ച് സായുധ സംഘട്ടനങ്ങൾ നടന്നിരുന്ന പ്രദേശങ്ങളിലാണ് കടുവകളുടെ എണ്ണം ഏറ്റവും കൂടുതലായി കുറഞ്ഞിരുന്നത്. നക്സൽ സംഘർഷങ്ങൾ ബാധിച്ച ടൈഗർ റിസർവുകളിൽ ഛത്തീസ്ഗഡിലെ ഇന്ദ്രാവതി, അചാനക്മാർ, ഉദാന്തി-സിതാനദി റിസർവുകൾ, ജാർഖണ്ഡിലെ പലമാവു റിസർവ് എന്നിവ ഉൾപ്പെട്ടിരുന്നു. ഈ പ്രദേശങ്ങളിൽ കേന്ദ്രസർക്കാരിന്റെ നേതൃത്വത്തിൽ നടത്തിയ ഇടപെടലുകൾ സായുധ സംഘട്ടനങ്ങൾ കുറയ്ക്കുന്നതോടൊപ്പം കടുവകളുടെ വംശനാശ ഭീഷണി കുറയ്ക്കാനും എണ്ണം വർദ്ധിപ്പിക്കാനും സഹായകരമായി.
ഒഡീഷ, തെലങ്കാന, ആന്ധ്രാപ്രദേശ്, കിഴക്കൻ മഹാരാഷ്ട്ര എന്നിവിടങ്ങളിലും കേന്ദ്രസർക്കാരിന്റെ നേതൃത്വത്തിൽ കടുവ സംരക്ഷണ പദ്ധതികൾ നടത്തിവരുന്നുണ്ട്. ഇതുവരെ നടത്തിയ പഠനങ്ങൾ അനുസരിച്ച് ഇന്ത്യയിലെ കടുവകളിൽ 85% സംരക്ഷിത റിസർവുകളിലും, 4% ആവാസ വ്യവസ്ഥാ ഇടനാഴികളിലും, 11% സംരക്ഷിത പ്രദേശങ്ങൾക്ക് പുറത്തുള്ള കാർഷിക മേഖലകൾ ഉൾപ്പെടെയുള്ള ഭൂപ്രദേശങ്ങളിലും ആണ് വസിക്കുന്നത്. മനുഷ്യരുടെ സാന്നിധ്യം കുറവുള്ളതും ധാരാളം ഇരകൾ ലഭ്യമായതുമായ റിസർവ് മേഖലകളിലാണ് കടുവകളുടെ എണ്ണം കൂടുതലായി വർദ്ധിച്ചിട്ടുള്ളത്. കടുവ സംരക്ഷണത്തിൽ ഇന്ത്യ കൈവരിച്ച ഈ വിജയം മറ്റെല്ലാ ലോകരാജ്യങ്ങൾക്കും മാതൃകയാണെന്നാണ് അന്താരാഷ്ട്ര ജേർണലുകൾ റിപ്പോർട്ട് ചെയ്യുന്നത്.
Discussion about this post