വൈകിപ്പിക്കാതെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകൂ…ജനനനിരക്ക് തുലോം കുറഞ്ഞ ഏതെങ്കിലും രാജ്യത്തെ ഭരണാധികാരി മനുഷ്യവിഭവശേഷി വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യം വച്ച് ആഹ്വാനം ചെയ്തതാണ് ഇതെന്ന് കരുതിയെങ്കിൽ തെറ്റി. 140 കോടിയലധികം ജനങ്ങളാൽ സമ്പന്നമായ ഇന്ത്യാമഹാരാജ്യത്തെ ഒരു സംസ്ഥാനത്തിലെ മുഖ്യമന്ത്രി തന്റെ രാഷ്ട്രീയലാഭത്തിന് വേണ്ടിയും വാശി ജയിക്കാനും വേണ്ടി പറഞ്ഞ പരിഹാസവാക്കുകളാണിത്. നിങ്ങൾ വേഗം കുട്ടികളെ ജനിപ്പിക്കൂ,അങ്ങനെയെങ്കിൽ ഡീലിമിറ്റേഷൻ നടത്തുമ്പോൾ നമ്മുടെ സംസ്ഥാനത്തിന് നേട്ടമുണ്ടാവുമെന്നാണ് ബഹുമാനപ്പെട്ട തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ പരിഹാസം.നാഗപട്ടണത്ത് ഡിഎംകെ ജില്ലാ സെക്രട്ടറിയുടെ വിവാഹ ചടങ്ങിലായിരുന്നു, സ്റ്റാലിന്റെ ഈ അതിരുവിട്ട പെരുമാറ്റം. പ്രസംഗത്തിലുടനീളം പ്രാദേശികവാദം ചൊരിയുകയായിരുന്നു എംകെ സ്റ്റാലിൻ.
നവദമ്പതികളോട് കുടുംബാസൂത്രണത്തിന് അവരുടേതായ സമയം എടുത്തോളൂ എന്ന് നേരത്തെ താൻ പറയുമായിരുന്നു. എന്നാൽ, നരേന്ദ്ര മോദി സർക്കാർ മണ്ഡല പുനർനിർണയത്തിന് പദ്ധതിയിടുന്ന പശ്ചാത്തലത്തിൽ കുടുംബാസൂത്രണത്തിനു വേണ്ടി സമയമെടുക്കാൻ പറയാൻ തനിക്കാവില്ലെന്നും തമിഴ്നാട് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അധികം വൈകിക്കാതെ കുട്ടികൾക്ക് ജന്മം നൽകാൻ പറഞ്ഞ സ്റ്റാലിൻ, കുഞ്ഞുങ്ങൾക്ക് നല്ല തമിഴ് പേരുകൾ നൽകാനും അഭ്യർഥിച്ചു. കുടുംബാസൂത്രണത്തിൽ നാം വിജയിച്ചതിനാലാണ് ഇപ്പോൾ ഇങ്ങനൊരു സാഹചര്യത്തിൽ എത്തിപ്പെട്ടത്. അതുകൊണ്ടാണ് നവദമ്പതികളോട് ഉടൻ കുഞ്ഞുങ്ങൾക്ക് ജന്മംനൽകാൻ താൻ അഭ്യർത്ഥിക്കുന്നതെന്നും സ്റ്റാലിൻ പറഞ്ഞു. കേന്ദ്ര സർക്കാർ അഭ്യർത്ഥന പ്രകാരം ജനസംഖ്യ നിയന്ത്രിച്ച തമിഴ്നാട്ടുകാർക്ക് ഇപ്പോൾ ജനസംഖ്യ കുറഞ്ഞത് കൊണ്ട് മണ്ഡലങ്ങൾ നഷ്ടമാകുന്ന അവസ്ഥയാണെന്ന് സ്റ്റാലിൻ പറഞ്ഞു. സ്റ്റാലിന്റേത് വെറും വാക്കുകളല്ലെന്നും അദ്ദേഹത്തിന്റെ അങ്കലാപ്പാണ് അദ്ദേഹം പരിഹാസരൂപേണ പറഞ്ഞവസാനിപ്പിച്ചതെന്നാണ് സോഷ്യൽ മീഡിയയിലെ സംസാരം. തിരഞ്ഞെടുപ്പ് കൂടുതൽ ആയാസരഹിതമാക്കാനും ജനപ്രാധിനിത്യം കൂട്ടാനും കേന്ദ്രസർക്കാർ മുന്നോട്ടുവച്ച ലോക്‌സഭാ മണ്ഡലപുനർനിർണയത്തെ നേരിടാൻ ഇത്തരത്തിലൊരു കുതന്ത്രം ചിന്തിച്ചാലോചിച്ച സ്റ്റാലിൻ നാടിനെ ഭിന്നിപ്പിക്കുകയാണെന്നും അഭിപ്രായമുയരുന്നുണ്ട്.
ജനസംഖ്യ അടിസ്ഥാനമാക്കി അതിർത്തി നിർണയം നടപ്പാക്കിയാൽ തമിഴ്നാടിന് എട്ട് എംപിമാരെ നഷ്ടമാകുമെന്നും. ഇത് പാർലമെന്റിലെ തമിഴ്നാടിന്റെ പ്രാതിനിധ്യം കുറയ്ക്കുമെന്നുമാണ് സ്റ്റാലിന്റെ വാദം. എന്നാൽ ഇത് അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ മാത്രമാണെന്ന് കേന്ദ്രമന്ത്രി അമിത് ഷാ നേരത്തെ തന്നെ നൽകിയ പ്രതികരണത്തിൽ നിന്ന് വ്യക്തമാണ്. മണ്ഡല പുനർനിർണയം നടന്നാലും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ഇപ്പോഴുള്ളതിൽ നിന്ന് ഒരൊറ്റ സീറ്റ് പോലും കുറയില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉറപ്പുനൽകിയിട്ടുണ്ട്. പ്രശ്‌നത്തിൽ പ്രധാനമന്ത്രിയുടെ വാക്കുകളെ ഉദ്ധരിച്ചാണ് അമിത് ഷായുടെ ഉറപ്പ്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും മകൻ ഉദയനിധി സ്റ്റാലിനും പൊതുജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ ശ്രമിക്കുകയാണ്. മണ്ഡല പുനർനിർണയത്തിന് ശേഷം ഒരു ദക്ഷിണേന്ത്യൻ സംസ്ഥാനത്തും ഒരു സീറ്റ് പോലും കുറയില്ലെന്ന് മോദി സർക്കാർ ലോക്‌സഭയിൽ വ്യക്തമാക്കിയതാണ്. എന്ത് വർദ്ധനവുണ്ടായാലും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ന്യായമായ വിഹിതം ലഭിക്കും. ഇതിൽ സംശയിക്കേണ്ട കാര്യമില്ലെന്നായിരുന്നു അമിത് ഷായുടെ വാക്കുകൾ. സ്റ്റാലിൻ തമിഴ് ജനതയോട് കള്ളം പറയുകയാണെന്നും ഡിഎംകെ സർക്കാരിന്റെ പരാജയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ പ്രശ്‌നങ്ങൾ ഉണ്ടാക്കുകയാണെന്നും അമിത് ഷാ വിമർശിച്ചിരുന്നു. സ്റ്റാലിൻ തെറ്റായ അവകാശവാദങ്ങൾ ഉന്നയിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. എന്തുകൊണ്ടാണ് തെറ്റായ അവകാശവാദങ്ങൾ ഉന്നയിക്കുന്നതെന്നും സ്റ്റാലിൻ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഡിഎംകെ അഴിമതിയിൽ ബിരുദാനന്തര ബിരുദമുള്ള ഒരു പാർട്ടിയാണെന്നും കള്ളപ്പണം വെളുപ്പിക്കൽ, മണൽ ഖനനം, 2 ജി അഴിമതി ഉൾപ്പെടെയുള്ള അഴിമതികളിൽ പല നേതാക്കളും പങ്കാളികളാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. കേന്ദ്രമന്ത്രിയുടെ വിമർശനത്തിൽ വിളറിപൂണ്ട,സ്റ്റാലിന്റെ ജല്പനങ്ങളാണ് ഇപ്പോഴത്തെ പ്രസ്താവനകളെന്ന് വേണം കരുതാൻ. എന്തായാലും കേന്ദ്രത്തിന്റെ തീരുമാനത്തെ തടയിടാൻ ഇങ്ങനെയൊരു ബുദ്ധി ഉദിച്ച സ്റ്റാലിന്റെ തല ഉപ്പിലിട്ട് ഗവേഷകർക്ക് പഠിക്കാൻ നൽകാമെന്ന് വരെ ട്രോളുകൾ ഉയരുന്നുണ്ട്.
Discussion about this post