ശ്രീഹരിക്കോട്ട: ജ്യോതിര്‍ഗോളങ്ങളെയും നക്ഷത്രങ്ങളെയും കുറിച്ച് പഠിക്കാനായി വിക്ഷേപിച്ച ആദ്യ എക്സ് റേ പോളാരിമീറ്റർ ഉപഗ്രഹം എക്പോസാറ്റിനെ പിഎസ്എഎൽവി സി 58 ഭൗമ ഭ്രമണപഥത്തിൽ എത്തിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ. ഇന്ന് വൈകീട്ടോടെ ഐഎസ്ആർഒയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഉപഗ്രഹം ഭ്രമണപഥത്തിൽ പ്രവേശിപ്പിക്കുന്നതിന്റെ വീഡിയോ ഐഎസ്ആർഒ പുറത്തുവിട്ടത്.
ആദ്യഘട്ട വിക്ഷേപണം വിജയകരമായതോടെ, അമേരിക്കയ്ക്ക് ശേഷം ആകാശഗോളങ്ങളെ കുറിച്ച് പഠിക്കാനായി എക്സ്പോസാറ്റ് വിക്ഷേപിക്കുന്ന ലോകത്തെ രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറി. ബഹിരാകാശത്തെ എക്സ്-റേ കിരണങ്ങളുടെ പഠനമാണ് എക്സ്പോസാറ്റ് ലക്ഷ്യമിടുന്നത്. ബഹിരാകാശത്തെ തമോഗര്‍ത്തങ്ങള്‍, ന്യൂടോണ്‍ നക്ഷത്രങ്ങള്‍, നെബുലകള്‍, പള്‍സാറുകള്‍ എന്നിവയെക്കുറിച്ച് എക്സ്പോസാറ്റ് പഠിക്കും. അഞ്ചുവര്‍ഷമാണ് ദൗത്യത്തിന്റെ കാലയളവ്.
പ്രപഞ്ചത്തിലെ വ്യത്യസ്ത പ്രകാശ സ്രോതസ്സുകളെ അടുത്തറിയാനും തമോഗര്‍ത്തങ്ങളില്‍നിന്നു പുറപ്പെടുന്ന എക്സ്-റേ കിരണങ്ങള്‍ ഏതുതരത്തിലാണ് കാലാവസ്ഥയിലടക്കം വ്യതിയാനം വരുത്തുകയെന്ന് പഠിക്കാനും എക്സ്പോസാറ്റിലൂടെ സാധിക്കും. ചന്ദ്രയാന്‍ 3, സൗരദൗത്യമായ ആദിത്യ എല്‍-1 എന്നീ വിജയകരമായ ദൗത്യങ്ങൾക്ക് പിന്നാലെയാണ് ബഹിരാകാശത്തെ എക്സ്-റേ കിരണങ്ങളുടെ ഉറവിടങ്ങള്‍ തേടിക്കൊണ്ടുള്ള പുതിയ ഐഎസ്ആർഒ ദൗത്യം.
Discussion about this post