ചെന്നൈ : തമിഴ്നാട്ടിലെ ഒരു ടിവി ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങളുടെ പേരിൽ പുലിവാല് പിടിച്ചിരിക്കുകയാണ് ഇപ്പോൾ കോൺഗ്രസ് നേതാവും മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരത്തിന്റെ മകനുമായ കാർത്തി ചിദംബരം. ഏതാനും ദിവസങ്ങൾക്കു മുൻപ് തമിഴ് ചാനൽ ആയ തന്തി ടിവിക്ക് നൽകിയ അഭിമുഖത്തിൽ രാഹുൽ ഗാന്ധിയെക്കാൾ ജനങ്ങൾക്ക് ഇഷ്ടം മോദിയെ ആണെന്ന് കാർത്തി ചിദംബരം വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ ഇതാ കാർത്തിയുടെ ഈ പ്രസ്താവനക്കെതിരായി രംഗത്ത് എത്തിയിരിക്കുകയാണ് കോൺഗ്രസ്.
വിവാദ പരാമർശങ്ങളുടെ പേരിൽ കാർത്തി ചിദംബരത്തിന് കോൺഗ്രസ് നേതൃത്വം കാരണം കാണിക്കൽ നോട്ടീസ് അയച്ചിട്ടുണ്ട്. അച്ചടക്ക സമിതിയുടെ ഭാഗമായി മുൻ എംഎൽഎ കെആർ രാമസാമി നൽകിയ നോട്ടീസിൽ 10 ദിവസത്തിനകം മറുപടി നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ഒരു പാർലമെന്റ് അംഗത്തിന് നോട്ടീസ് നൽകാൻ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിക്ക് മാത്രമേ അധികാരമുള്ളൂ എന്നാണ് ഈ വിഷയവുമായി ബന്ധപ്പെട്ട് കാർത്തി ചിദംബരത്തിനോട് അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്.
തന്തി ടിവിയ്ക്ക് നൽകിയ അഭിമുഖത്തിൽ കാർത്തി ചിദംബരം ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളെ കുറിച്ചും വിശ്വാസം പ്രകടിപ്പിച്ചിരുന്നു. കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനുമായി തർക്കത്തിലുള്ള വിഷയമാണ് ഇത്. ഇവിഎമ്മുകളുടെ വിശ്വാസ്യതയെക്കുറിച്ചുള്ള ആശങ്കകൾ ചൂണ്ടിക്കാട്ടി മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേഷ് അടുത്തിടെ വീണ്ടും തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചിരുന്നു. ഈ സാഹചര്യത്തിൽ കാർത്തി ചിദംബരത്തിന്റെ പ്രസ്താവനകൾ കോൺഗ്രസിന് ദോഷം ചെയ്യുമെന്നാണ് പാർട്ടി തലത്തിലുള്ള വിലയിരുത്തൽ.
Discussion about this post